കൊച്ചി: ഗോൾഡൻ ഗ്ലോബ് റേസിൽ രണ്ടാം സ്ഥാനം ഉറപ്പിച്ച് മലയാളി നാവികൻ അഭിലാഷ് ടോമി. വെള്ളിയാഴ്ചയോടെ മത്സരം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ അഭിലാഷ് ടോമി രണ്ടാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്കയുടെ വനിതാതാരം കിഴ്സ്റ്റൻ നോയ്ഷെയ്ഫർ അഭിലാഷ് ടോമിയെക്കാൾ 93 മൈൽ മുന്നിലാണ്. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരൻ ഗോൾഡൻ ഗ്ലോബ് റേസിന്റെ പോഡിയത്തിൽ ഇടം നേടുന്നത്. 16 മത്സരാർത്ഥികൾ മാറ്റുരച്ച ഗോൾഡൻ ഗ്ലോബ് റേസിൽ ഇനി അഭിലാഷ് ഉൾപ്പെടെ മൂന്ന് പേർ മാത്രമാണ് അവശേഷിക്കുന്നത്.
കഴിഞ്ഞയാഴ്ച അഭിലാഷ് ടോമി ലീഡെടുത്തെങ്കിലും തൊട്ടടുത്ത ദിവസം തന്നെ കിർസ്റ്റൻ ലീഡ് തിരിച്ച് പിടിച്ചിരുന്നു. എട്ട് മാസത്തോളം പിന്നിട്ട മത്സരം പൂർത്തിയാക്കാൻ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന് അഭിലാഷ് ടോമി വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും കടുപ്പമേറിയ യാച്ച് റേസുകളിലൊന്നായി കണക്കാക്കപ്പെടുന്നതാണ് ഗോൾഡൻ ഗ്ലോബ് റേസ്. 1968ൽ നിലവിലുണ്ടായിരുന്ന ആശയ വിനിമയ സങ്കേതങ്ങളുപയോഗിച്ച് ഒറ്റയ്ക്ക് പായ് വഞ്ചിയിൽ ലോകം ചുറ്റിവരികയെന്നതാണ് മത്സരം.
2022 സെപ്റ്റംബറിലും 2018ലും അഭിലാഷ് ടോമി ഗോൾഡൻ ഗ്ലോബ് റേസിൽ പങ്കെടുത്തിരുന്നു. 2018ൽ പക്ഷേ ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ കൊടുങ്കാറ്റിൽ യാച്ച് തകർന്നതോടെ ദൗത്യം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. സാരമായി പരുക്കേറ്റ അഭിലാഷിന്റെ നില ഗുരുതരമായിരുന്നു. തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയും ചെയ്തിരുന്നു.
Discussion about this post