ഫ്രാൻസ് : ഗോൾഡൻ ഗ്ലോബ് റേസ് പായ് വഞ്ചിയോട്ട മത്സരത്തിൽ ചരിത്രം തിരുത്തിയെഴുതി മലയാളി നാവികൻ അഭിലാഷ് ടോമി. രണ്ടാമനായി അഭിലാഷ് മത്സരത്തിന്റെ ഫിനിഷിംഗ് പോയിന്റിൽ എത്തി. ശനിയാഴ്ച രാവിലെ 10.30 ഓടെയാണ് അഭിലാഷിന്റെ വഞ്ചി ഫ്രഞ്ച് തീരത്തെത്തിയത്. ഇതോടെ ഗോൾഡൻ ഗ്ലോബ് ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടവും അഭിലാഷ് സ്വന്തമാക്കി.
ദക്ഷിണാഫ്രിക്കൻ വനിത ക്രിസ്റ്റൻ നോയിഷെയ്ഫറിനാണ് ഒന്നാമതെത്തിയത്. ഇവർ വ്യാഴാഴ്ച രാത്രി തന്നെ ഫ്രാൻസ് തീരത്തെത്തിയിരുന്നു. കടലിൽ പെട്ടെന്നു കാറ്റില്ലാത്ത അവസ്ഥയുണ്ടായതോടെ അവസാനത്തെ 23 നോട്ടിക്കൽ മൈലുകൾ പിന്നിടാൻ ക്രിസ്റ്റന്‍ ഏതാനും മണിക്കൂറുകൾ വേണ്ടിവന്നു.
കഴിഞ്ഞ വർഷം സെപ്തംബർ നാലിനാണ് മത്സരം ആറംഭിച്ചത്. 236 ദിവസങ്ങളാണ് അഭിലാഷ് ടോമി ബയാനത്ത് എന്ന ചെറുപായക്കപ്പലിൽ 1968ൽ നിലവിലുണ്ടായിരുന്ന ആശയ വിനിമയ സങ്കേതങ്ങളുപയോഗിച്ച് ഒറ്റയ്ക്ക് ലോകം ചുറ്റിയത്.
സംഘാടകരും കുടുംബാംഗങ്ങളും നേരത്തെ ബോട്ടിൽ ഫിനിഷിങ് ലൈനിലേക്ക് പോയെങ്കിലും രാത്രിയോടെയാണ് ക്രിസ്റ്റന്റെ വഞ്ചി ലക്ഷ്യത്തിലെത്തിയത്. വിജയികൾക്ക് വേണ്ടി വൻ സ്വീകരണമാണ് സംഘാടകർ ഒരുക്കിയിരുന്നത്. മത്സരത്തിൽ അവശേഷിക്കുന്ന ഏകയാളായ ഓസ്ട്രിയൻ നാവികൻ മൈക്കൽ ഗുഗൻബർഗർ വളരെ പിന്നിലാണ്. ഇദ്ദേഹം ഫിനിഷ് ചെയ്യാൻ 15 ദിവസത്തിലേറെ എടുത്തേക്കും.
Discussion about this post