മുംബൈ: ശിവാജി പാര്‍ക്കിലെ മേയറുടെ വസതിയില്‍ ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറേ സ്മാരകം സ്ഥാപിക്കുന്നതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. സ്മാരക നിര്‍മ്മാണത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഫണ്ട് നല്‍കരുതെന്നും തീരുമാനം പുന:പരിശോധിച്ചില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കോണ്‍ഗ്രസ് താക്കീത് നല്കി.
താക്കറേ കുടുംബത്തിന്റെ ദീര്‍ഘകാല താമസസ്ഥലമായ ‘മാതോശ്രീ’യില്‍ സ്ഥാപിക്കുന്നതാവും നല്ലതെന്ന് കോണ്‍ഗ്രസ് മുംബൈ യൂണിറ്റ് പ്രസിഡന്റ് സഞ്ജയ് നിരുപം പറഞ്ഞു. ഭരണഘടനാപരമായ പദവിയിലുള്ള മേയറുടെ ബംഗ്ലാവ് പതിറ്റാണ്ടുകളുടെ അന്തസുള്ള സ്ഥാപനമാണെന്നും അദ്ദേഹം പറഞ്ഞു.
മേയറുടെ ബംഗ്ലാവ് സ്മാരകത്തിന് വിട്ടുകൊടുക്കുക വഴി ബി.ജെ.പി സര്‍ക്കാര്‍ ശിവസേനയുടെ വായടപ്പിച്ചിരിക്കുകയാണെന്നും അതിലൂടെ ബ്ലാക്ക് മെയിലിംഗ് സാദ്ധ്യത ഒഴിവാക്കുകയായിരുന്നെന്നും നിരുപം ആരോപിച്ചു.
പണക്കാരുടെ പാര്‍ട്ടിയായ ശിവസേനയ്ക്ക് നരിമാന് പോയിന്റിലോ വോര്ളിയിലോ സവര്‍ക്കര്‍ സ്മാരകത്തിനടുത്തോ സ്ഥലം വാങ്ങാമെന്നും കോണ്‍ഗ്രസ് പറയുന്നു. പാര്‍ട്ടിയ്ക്ക് ആവശ്യത്തിലേറെ പണമുള്ളപ്പോള്‍ വരള്ച്ചാബാധിതര്ക്ക് പ്രത്യേക കരം ചുമത്തിയ സര്‍ക്കാര്‍ പണം മുടയ്ക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്.
മേയറുടെ ബംഗ്ലാവില്‍ ബാല്‍ താക്കറേ സ്മാരകം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മേയറുടെ ബംഗ്ലാവില്‍ സ്മാരകം സ്ഥാപിക്കുന്നതിനെതിരെ താക്കറേയുടെ അനന്തരവനും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന തലവനുമായ രാജ് താക്കറേ രംഗത്തെത്തിയിരുന്നു.
Discussion about this post