കൊച്ചി: ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ജസ്റ്റീസ് കെമാൽ പാഷ. സിംഹത്തിനെ പിടിച്ച് മുയലിന്റെ കൂട്ടിൽ ഇട്ടിട്ട് അത് പൂട്ടി മാറി നിൽക്കുന്ന പോലീസുകാരെന്ന് പറഞ്ഞാൽ ഒന്ന് ആലോചിച്ച് നോക്കൂ, ആ രീതിയിലേക്ക് നമ്മുടെ സേനയിലെ കുറച്ചുപേർ അധപതിച്ചുപോയെന്ന് അദ്ദേഹം പറഞ്ഞു.
അവിടെയുണ്ടായിരുന്ന പോലീസുകാരും ക്രിമിനൽ കുറ്റത്തിൽ പങ്കാളികളാണെന്ന് അദ്ദേഹം പറഞ്ഞു. അതിൽ പോലീസിന്റെ ഭാഗത്ത് കുറ്റമില്ലെന്നും ഉദാസീനതയില്ലെന്നും വീഴ്ചയില്ലെന്നും ആര് പറഞ്ഞാലും ഏത് രാഷ്ട്രീയപാർട്ടി പറഞ്ഞാലും മേലുദ്യോഗസ്ഥൻ പറഞ്ഞാലും വിശ്വസിക്കാൻ താൻ തയ്യാറല്ല.
പോലീസുകാർക്കെതിരെ നടപടിയെടുക്കേണ്ടി വരുമ്പോൾ കേരള പോലീസ് ആ കേസ് അന്വേഷിക്കാൻ പറ്റുമോയെന്ന് അദ്ദേഹം ചോദിച്ചു. സത്യം പുറത്തുവരണമെങ്കിൽ സിബിഐയ്ക്ക് അന്വേഷണം വിടണം. അതിൽ രാഷ്ട്രീയമില്ല, ഒരു രാഷ്ട്രീയപാർട്ടിക്കും എതിരുമല്ല, ഒരു കുഞ്ഞിന്റെ ജീവൻ പൊലിഞ്ഞതാണ്. അവിടെ പോലീസിന്റെ ഉദാസീനതയും അവരുടെ വീഴ്ചയും പുറത്തുവരേണ്ടതാണെന്നും ജസ്റ്റീസ് കെമാൽ പാഷ പറഞ്ഞു.
Discussion about this post