തിരുവനന്തപുരം: അധികാരം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഒരേപോലെ ജനങ്ങളുടെ ഇടയിൽ നിന്ന നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. വെള്ളവും മീനും പോലെ ഉമ്മൻചാണ്ടി ജനങ്ങൾക്കിടയിൽ അലിഞ്ഞു ചേർന്നു. കേരള രാഷ്ട്രീയത്തിലെ യഥാർത്ഥ ക്രൗഡ് പുള്ളർ ആയിരുന്ന ജനനായകന് ആദരാഞ്ജലികൾ നേരുന്നുവെന്നും സന്ദീപ് വാചസ്പതി വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജനകീയൻ എന്ന വാക്കിന്റെ പര്യായമായിരുന്നു ഉമ്മൻ ചാണ്ടി. വെള്ളവും മീനും പോലെ ഉമ്മൻചാണ്ടി ജനങ്ങൾക്കിടയിൽ അലിഞ്ഞു ചേർന്നു. ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പരിഹരിക്കുന്നതിൽ ഒ സിക്കുള്ള പാടവം സമകാലിക രാഷ്ട്രീയത്തിൽ ആർക്കുമുണ്ടായിരുന്നില്ല. അധികാരം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഇതിന് മാറ്റമുണ്ടായിരുന്നില്ല. അക്ഷോഭ്യതയായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകത. ഒസിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിക്കാലത്ത് ഇത് നേരിട്ട് അറിഞ്ഞതാണ്. പുതുപ്പള്ളി കവലയിലെ മാനസിക വൈകല്യമുള്ള ആളോടും ഇന്ത്യൻ രാഷ്ട്രപതിയോടും താദാത്മ്യം പ്രാപിച്ച് ഇടപെടാനുള്ള ഉമ്മൻചാണ്ടിയുടെ കഴിവ് അപാരമായിരുന്നുവെന്നും സന്ദീപ് വാചസ്പതി വ്യക്തമാക്കി.
രാഷ്ട്രീയത്തിന്റെ മർമ്മമറിഞ്ഞ കൗശലക്കാരനായ നേതാവായിരുന്നപ്പോഴും ഉള്ളിൽ ഒരു പുതുപ്പള്ളിക്കാരൻ കുഞ്ഞുകുഞ്ഞിനെ ഉമ്മൻചാണ്ടി സൂക്ഷിച്ചിരുന്നു. അത് കൊണ്ടാണ് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയോട് ഒരു ചെരുപ്പ് വാങ്ങാനുള്ള കാശ് ചോദിക്കാൻ പുതുപ്പള്ളിക്കാരന് ധൈര്യം നൽകിയത്. രാഷ്ട്രീയ എതിരാളികൾ കല്ലെറിഞ്ഞ് തല പൊട്ടിച്ചപ്പോഴും കേസ് വേണ്ടെന്ന് വെക്കാൻ തീരുമാനിച്ചതിന് പിന്നിലും ഈ ‘കുഞ്ഞുഞ്ഞ് ‘ മനസ്സായിരുന്നു. കേരള രാഷ്ട്രീയത്തിലെ യഥാർത്ഥ ക്രൗഡ് പുള്ളർ ആയിരുന്ന ജനനായകൻ ഒ.സിക്ക് ആദരാഞ്ജലികൾ നേരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
Leave a Comment