ന്യൂഡൽഹി : പുതിയ ഗവർണർമാരുടെ പട്ടിക പ്രഖ്യാപിച്ച് രാഷ്ട്രപതി. ഹരിയാന, ഗോവ, ലഡാക്ക് എന്നിവിടങ്ങളിലെ ഗവർണർമാർക്കാണ് മാറ്റം . ഗോവയിൽ പിഎസ് ശ്രീധരൻ പിള്ളയെ മാറ്റി പുതിയ ഗവർണറായി മുൻ കേന്ദ്ര വ്യോമയാന മന്ത്രിയും ടിഡിപി നേതാവുമായ അശോക് ഗജപതി രാജുവിനെ നിയമിച്ചു. ലഡാക്കിന്റെ ലെഫ്റ്റനന്റ് ഗവർണർ സ്ഥാനത്ത് നിന്ന് വിരമിച്ച ബ്രിഗേഡിയർ ബി ഡി മിശ്രയുടെ രാജി രാഷ്ട്രപതി ദ്രൗപതി മുർമു സ്വീകരിച്ചതായും രാഷ്ട്രപതി ഭവൻ പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കുന്നു.
ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രി കവിന്ദർ ഗുപ്തയാണ് ലഡാക്കിലെ പുതിയ ലെഫ്റ്റനന്റ് ഗവർണറായി നിയമിക്കപ്പെട്ടിട്ടുള്ളത്. വിദ്യാഭ്യാസ വിദഗ്ദ്ധനും പശ്ചിമബംഗാളിലെ മുൻ ബിജെപി സംസ്ഥാന പ്രസിഡണ്ടും ആയിരുന്ന പ്രൊഫസർ ആഷിം കുമാർ ഘോഷ് ആണ് ഹരിയാനയുടെ പുതിയ ഗവർണർ. ചുമതലയേൽക്കുന്ന തീയതി മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് നിയമനങ്ങൾ നടത്തിയിട്ടുള്ളത്.
തെലുങ്കുദേശം പാർട്ടിക്കാരനായ ഗോവ ഗവർണർ അശോക് ഗണപതി രാജു
2018 മുതൽ ആഭ്യന്തരകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗമാണ്. 2014 മെയ് 27 മുതൽ 2018 മാർച്ച് 10 വരെ അദ്ദേഹം കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രിയായിരുന്നു. 1978 നും 2014 നും ഇടയിൽ അദ്ദേഹം ഏഴ് തവണ ആന്ധ്രാപ്രദേശ് നിയമസഭയിൽ അംഗമായിരുന്നു. സംസ്ഥാന സർക്കാരിൽ അദ്ദേഹം മൂന്നു തവണ മന്ത്രിയായിട്ടുണ്ട്. ആന്ധ്രപ്രദേശ് എക്സൈസ് മന്ത്രി, റവന്യൂ മന്ത്രി, വാണിജ്യ നികുതി-ധനകാര്യം-നിയമനിർമ്മാണ മന്ത്രി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള മുതിർന്ന രാഷ്ട്രീയ നേതാവാണ് അശോക് ഗജപതി രാജു.
Discussion about this post