എണ്ണയും മധുരവും അമിതമായി ചേർന്ന ഭക്ഷണങ്ങൾ ആരോഗ്യത്തിന് ഹാനികരമാണെന്ന മുന്നറിയിപ്പ് ബോർഡ് പ്രദർശിപ്പിക്കാൻ കേന്ദ്രം. ജിലേബി, സമൂസ, കേക്ക് തുടങ്ങിയവ വിൽക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ഇനി മുതൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കും. അനാരോഗ്യകരമായ ഭക്ഷണക്രമത്തിനെതിരെ അവബോധം വളർത്തുന്നതിനുള്ള ഒരു പ്രധാന നീക്കത്തിന്റെ ഭാഗമായി, സമൂസ, ജിലേബി, പക്കോഡ, വട പാവ്, ചായ ബിസ്‌ക്കറ്റ് തുടങ്ങിയ ജനപ്രിയ ലഘുഭക്ഷണങ്ങളിലാണ് ഉടൻ തന്നെ സിഗരറ്റ് ശൈലിയിലുള്ള ആരോഗ്യ മുന്നറിയിപ്പുകൾ ഉൾപ്പെടുത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്.
എയിംസ് ഉൾപ്പടെയുള്ള എല്ലാ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളോടും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. ലഘുഭക്ഷണങ്ങളിൽ എത്രമാത്രം കൊഴുപ്പ്, പഞ്ചസാര എന്നിവ അടങ്ങിയിട്ടുണ്ടെന്ന് ഈ ബോർഡിൽ ഉണ്ടായിരിക്കും. ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. ആകർഷകമായ പോസ്റ്ററുകൾ പ്രദർശിപ്പിക്കണമെന്നാണ് നിർദേശത്തിൽ പറയുന്നത്.
ഇന്ത്യ പുതിയൊരു ആരോഗ്യ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.വറുത്തതും പഞ്ചസാര ചേർത്തതുമായ ലഘുഭക്ഷണങ്ങളുടെ പതിവ് ഉപഭോഗം ഒരു പ്രധാന ഘടകമാണ്.
പൊണ്ണത്തടി, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, സർക്കാർ ഭക്ഷണകാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.2050 ആകുമ്പോഴേക്കും 440 ദശലക്ഷം ഇന്ത്യക്കാർ അമിതഭാരമുള്ളവരോ പൊണ്ണത്തടിയുള്ളവരോ ആകാമെന്ന് ദി ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു ആഗോള വിശകലനം കണക്കാക്കുന്നു.
Discussion about this post