കൊച്ചി: ജനതാദള്‍ യു നേതാവും മുന്‍ മന്ത്രിയുമായ എംപി വീരേന്ദ്രകുമാര്‍ കൃത്രിമ രേഖകളുണ്ടാക്കി ആദിവാസി ഭൂമി തട്ടിയെടുത്തുവെന്ന കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറ്റവിചാരണ ചെയ്തേക്കുമെന്ന് സൂചന. മുഖ്യമന്ത്രിയെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കണമെന്ന അപേക്ഷ നിലവില്‍ ഗവര്‍ണര്‍ പി സാദശിവത്തിന്റെ മുന്നിലാണ്. വിചാരണയ്ക്ക് ഗവണര്‍ അനുമതി നല്‍കുമെന്നാണ് ലഭിക്കുന്ന വിവരം.
മാതൃഭൂമിയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ പി രാജന് മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ കൂടിയായ വീരേന്ദ്രകുമാറിനെതിരെ നല്കിയ കേസിലാണ് നടപടി. കൃത്രിമ രേഖകള്‍ ഉണ്ടാക്കി ആദിവാസികള്‍ക്ക് അവകാശപ്പെട്ട 1444 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂട്ട് നിന്നുവെന്നും, മുഖ്യമന്ത്രിയെ അഴിമതി നിരോധന നിയമപ്രകാരം വിചാരണ ചെയ്യാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് പി രാജന് ഗവര്‍ണര്‍ക്ക് അപേക്ഷ നല്കി. വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്ന് രാഷ്ട്രപതിയുടെ ചീഫ് സെക്രട്ടറിയ്ക്കും കത്ത് നല്കി.
വിഷയത്തില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെ അഭിപ്രായം തേടിയെങ്കിലും വിശദീകരണം നല്‍കിയില്ല. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം ഇല്ലാതെ തന്നെ കുറ്റവിചാരണയ്ക്ക് ഗവര്‍ണര്‍ അനുമതി നല്‍കിയേക്കും.
മുഖ്യമന്ത്രിയ്ക്ക് പുറമെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്, മന്ത്രി അടൂര്‍ പ്രകാശ്, എംപി ശ്രയാംസ് കുമാര്‍, മുന്‍ മന്ത്രി കെ.പി രാജേന്ദ്രന് എന്നിവരെയും കുറ്റവിചാരണ ചെയ്തേക്കും.
വയനാട് ജില്ലയിലെ കൃഷ്ണഗിരി വില്ലേജില്‍ ഉള്‍പ്പെട്ട 1444 ഏക്കര്‍ ഭൂമി കൃത്രിമ രേഖകളുണ്ടാക്കി മുന്‍ മന്ത്രി എംപി വീരേന്ദ്രകുമാറും, എം.വി ശ്രയാംസ് കുമാറും സ്വന്തമാക്കിയെന്നാണ് പി രാജന്റെ ആരോപണം. രണ്ടാം ലോക മഹായുദ്ധകാലത്ത് കൂടുതല്‍ ഭക്ഷ്യധാന്യം ഉത്പാദിപ്പിക്കുന്നതിന് പുഞ്ച ശീട്ട് പ്രകാരം വീരേന്ദ്രകുമാറിന്റെ പിതാവിന് ഭൂമി നല്കി. പിന്നീടത് വീരേന്ദ്രകുമാറിനും, മകനും ആധാരപ്രകാരം ലഭിച്ചു എന്നാണ് പറയുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഭൂമി ലഭിച്ചുവെന്നതിന് കാരണമായി ഇവര്‍ നല്കിയ പുഞ്ച ശീട്ട് കൃത്രിമമാണന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇരു മുന്നണികളുടെയും കാലത്ത് റവന്യു മന്ത്രിമാരായിരുന്ന കെ.പി രാജേന്ദ്രനും, അടൂര്‍ പ്രകാശും സംഭവത്തില്‍ കുറ്റക്കാരാണ്. ശ്രയാംസ് കുമാര്‍ ഹാജരാക്കിയ രേഖ വ്യാജമാണെന്ന് തഹസീല്‍ദാര്‍ ആദ്യം സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ക്രോസ് വിസ്താരത്തില്‍ മാറ്റി പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുട സമര്ദ്ദപ്രകാരമാണ് ഇത്.
കൃത്രിമരേഖകളുണ്ടാക്കിയത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണെന്നും പി രാജന് പറയുന്നു. അന്നത്തെ മുഖ്യമന്ത്രി വിഎസും അതിന് ശേഷം വന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഗുരുതരമായ തെറ്റാണ് ചെയ്തത്.
വീരേന്ദ്രകുമാറിനെയും, ശ്രയാംസ്കുമാറിനെയും സഹായിക്കാന്‍ അന്നത്തെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് 1984ലെ സര്‍ക്കാര്‍ സത്യവാങ്മൂലത്തിലെ പല കാര്യങ്ങളും മറച്ചുവെച്ചുവെന്നും പി രാജന് ആരോപിച്ചിരുന്നു.
Discussion about this post