പതിവായി ജലദോഷവും തുമ്മലും ഉണ്ടോ? ; പരിഹാരം വീട്ടിൽ തന്നെയുണ്ട്

Published by
Brave India Desk

പതിവായി ജലദോഷവും തുമ്മലും ഉണ്ടാകുന്നത് പലപ്പോഴും പ്രതിരോധശേഷിക്കുറവുകൊണ്ടാണ്. ശരീരത്തിനു മികച്ച പ്രതിരോധശേഷി നൽകുന്ന ചില പോഷകങ്ങൾ പതിവായി കഴിക്കുന്നത് വഴി ഈ പ്രതിരോധശേഷി കുറവിനെ മറികടക്കാൻ കഴിയുന്നതാണ്. എല്ലാവരുടെയും വീട്ടിൽ തന്നെയുള്ള ചില ഭക്ഷണ വസ്തുക്കൾ കൊണ്ട് പ്രതിരോധശേഷി വർദ്ധിപ്പിക്കാം.

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി നിങ്ങൾ കഴിക്കേണ്ട പ്രധാന ഭക്ഷണ വസ്തുക്കളിൽ ഒന്ന് മഞ്ഞളാണ്. മഞ്ഞളിൽ കാണപ്പെടുന്ന സംയുക്തമായ കുർക്കുമിൻ പ്രതിരോധശേഷി വർധിപ്പിക്കുന്ന ശക്തമായ ഘടകമാണ്. മഞ്ഞൾ കൂടാതെ ഇഞ്ചിയും പ്രതിരോധശേഷി വർദ്ധനവിന് മികച്ച ഫലം നൽകുന്നതാണ്. ഇഞ്ചിയിൽ അടങ്ങിയിട്ടുള്ള ജിഞ്ചറോൾ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്.

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന മറ്റൊരു ഭക്ഷണ വസ്തു വെളുത്തുള്ളി ആണ്. രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുന്ന പ്രകൃതിദത്ത സംയുക്തങ്ങൾ വെളുത്തുള്ളിയിൽ ധാരാളമായി കാണപ്പെടുന്നുണ്ട് . അണുബാധകളെ ചെറുക്കാന്‍ സഹായിക്കുന്നവയാണ് ഈ സംയുക്തങ്ങൾ. വിറ്റാമിൻ എ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതാണ്.

ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ചില പഴവർഗ്ഗങ്ങളും ഏറെ സഹായകരമാണ്. ആപ്പിൾ, മാതളനാരങ്ങ എന്നിവ പോലെയുള്ള പഴവർഗ്ഗങ്ങൾ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. ആന്‍റി ഓക്‌സിഡന്‍റുകളും ഫൈബറും അടങ്ങിയ ആപ്പിൾ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നതാണ്. മാതളത്തിൽ ആന്‍റി ഓക്‌സിഡന്‍റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുള്ളതിനാൽ അണുബാധകളെ ചെറുത്തുകൊണ്ട് രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ്.

Share
Leave a Comment