മുംബൈ: നാചുറൽസ് ഐസ്ക്രീം സ്ഥാപകൻ രഘുനന്ദൻ ശ്രീനിവാസ് കമ്മത്ത് അന്തരിച്ചു. 70 വയസായിരുന്നു. ആരോഗ്യപരമായ പ്രശ്നങ്ങളേത്തുടർന്ന് വെള്ളിയാഴ്ച രാത്രിയോടെ മുംബൈയിലെ എച്ച് എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് വൈകീട്ട് അന്ധേരി വെസ്റ്റിലെ അംബോളിയിൽ സംസ്കാര ചടങ്ങുകൾ നടത്തി.
ഇന്ത്യയുടെ ഐസ്ക്രീം മനുഷ്യൻ എന്ന് അറിയപ്പെട്ടിരുന്ന ഇദ്ദേഹം മംഗലാപുരം സ്വദേശിയാണ്. 400 കോടി മൂല്യം വരുന്ന ഐസ് ക്രീം പാർലർ ചെയിനിൻ്റെ ഉടമയാണ് രഘുനന്ദൻ കമ്മത്ത്.
കർണാടകയിലെ മംഗളൂരുവിൽ മാങ്ങാ വിൽപനക്കാരനായിരുന്ന പിതാവിനെ സഹായിച്ചതാണ് സംരംഭം തുടങ്ങുന്നതിലേക്ക് അദ്ദേഹത്തെ നയിച്ചത്.
പതിനാലാം വയസ്സിൽ വിദ്യാഭ്യാസം ഉപേക്ഷിച്ച് സഹോദരന്റെ ഭക്ഷ്യസ്ഥാപനത്തിൽ സ്വന്തമായി വികസിപ്പിച്ച ഐസ്ക്രീം അവതരിപ്പിച്ചു. 1984-ൽ മുംബൈയിലേക്ക് പോവുകയും അവിടെ ഐസ്ക്രീം പാർലർ ആരംഭിക്കുകയും ചെയ്ത അദ്ദേഹം 1994 ആയതോടെ അഞ്ച് പുതിയ ഔട്ട്ലെറ്റുകൾ ആരംഭിച്ചു. ഇന്ന് പതിനഞ്ചോളം നഗരരങ്ങളിലായി 165 ഔട്ട്ലെറ്റുകളാണ് രഘുനന്ദൻ കമ്മത്തിനുള്ളത്.
Discussion about this post