ബിഷ്‌കെക്ക്: കിർഗിസ്ഥാനിലെ ബിഷ്കെക്കിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്ന് ഇന്ത്യൻ എംബസി. പ്രദേശത്തുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ സുരക്ഷിതരാണെന്നും ഇന്ത്യൻ എംബസി എക്സിലൂടെ അറിയിച്ചു.
‘ബിഷ്കെക്കിലെ സ്ഥിതിഗതികൾ സാധാരണ നിലയില്‍ ആണ്. എല്ലാ ഇന്ത്യൻ വിദ്യാർത്ഥികളും സുരക്ഷിതരാണ്. കിർഗിസ്ഥാനിലെ അധികാരികൾ നിർദ്ദേശിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുടരാൻ അവരോട് അഭ്യർത്ഥിക്കുന്നു. എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ വിദ്യാർത്ഥികൾ 0555710041 എന്ന നമ്പറില്‍ ബന്ധപ്പെടണം’- എംബസി എക്സില്‍ കുറിച്ചു.
ബിഷ്‌കെക്കിൽ നടക്കുന്ന ആക്രമണത്തെ തുടർന്ന് സഹായമഭ്യർത്ഥിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ബിഷ്‌കെക്കിലെ കഫേയിൽ ഒളിച്ചിരിക്കുന്ന ഒരു കൂട്ടം വിദ്യാർത്ഥികൾ എംബസി ജീവനക്കാരനെ വിളിച്ച് സഹായമഭ്യർത്ഥിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. എക്‌സിലൂടെയാണ് വീഡിയോ പ്രചരിച്ചത്.
ആക്രമണത്തിന്റെ സാഹചര്യത്തിൽ വിദ്യാർത്ഥികളോട് പുറത്തിറങ്ങരുതെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാഹചര്യം ശാന്തമാണെങ്കിലും വിദ്യാർത്ഥികൾ താമസസ്ഥലങ്ങളിൽ തന്നെ കഴിയണമെന്ന് കിർഗിസ്ഥാനിലെ ഇന്ത്യൻ എംബസി നിർദേശം നൽകി. പ്രദേശത്ത് കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളുമായി ബന്ധപ്പെടുന്നുണ്ടെന്നും എംബസി അറിയിച്ചിട്ടുണ്ട്.
Discussion about this post