കൊളസ്‌ട്രോൾ പേടിച്ച് പലരും മാറ്റി വയ്ക്കുന്ന ഒന്നാണ് മുട്ട. എന്നാൽ നമ്മുടെ ശരീരത്തിനാവശ്യമായ പ്രോട്ടീൽ നൽകുന്നതിൽ മുട്ട വലിയ പങ്കു വഹിക്കുന്നുണ്ടെന്ന് അറിയുമോ?
ഇത് മാത്രമല്ല തലച്ചോറിന്റെ പ്രവർത്തനത്തിന് സഹായകരമായ കോളിൻ മുട്ടയിലടങ്ങിയിരിക്കുന്നു. ഇത് നാഡികളുടെ പ്രവർത്തനത്തെ സഹായിക്കുന്നു. കരളിൽ ഫാറ്റ് അടിഞ്ഞുകൂടുന്നത് ഒരു പരിധി വരെ തടയുന്ന കോളിൻ മാത്രമല്ല ല്യൂട്ടീൻ, സീസാന്തിൻ എന്നീ ആന്റി ഓക്‌സിഡന്റുകളും മുട്ടയിലുണ്ട്. ഇവ കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.അസ്ഥികൾക്ക് ഏറ്റവും ആവശ്യമുള്ളതാണ് വിറ്റാമിൻ ഡി. രക്തത്തിലെ കാൽസ്യത്തിന്റെ അളവ് നിയന്ത്രിക്കാൻ വിറ്റാമിൻ ഡി പങ്കുവഹിക്കുന്നു. ഇതും മുട്ടയിലടങ്ങിയ പോഷകമാണ്.
ബോഡി മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുന്ന അമിനോ ആസിഡുകൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. മുട്ടയുടെ വെള്ളയെക്കാൾ മുഴുവൻ മുട്ട കഴിക്കുന്നത് പേശി വളർച്ചയ്ക്കും എല്ലുകളെ ശക്തിപ്പെടുത്താനും സഹായിക്കും. ഫോളേറ്റുകൾ ധാരാളമുള്ള മുട്ട ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിന് സഹായിക്കും. ഗർഭസ്ഥശിശുവിന്റെ വളർച്ചയ്ക്ക് ഇത് പ്രധാനമായതിനാൽ ഗർഭിണികൾക്ക് ഉത്തമമായ ഭക്ഷണമാണ് മുട്ട.
ഇത്രയൊക്കെ ആണെങ്കിലും മുട്ട ചീഞ്ഞാൽ സംഗതി കുഴപ്പമാണ്. ചീഞ്ഞ മുട്ടയുടെ ദുർഗന്ധം മതി തല പെരുക്കാനും ഛർദ്ദി വരാനും കാരണമാകും. കേടായ മുട്ട കഴിക്കുന്നത് വയറിന് അസുഖം ക്ഷണിച്ചു വരുത്തും. വയറിളക്കവും ഛർദ്ദിയുമാണ് കേടായ മുട്ട കഴിച്ചാലുണ്ടാകുന്ന ഫലം. അത് കൊണ്ട് മുട്ടയുടെ കാലപ്പഴക്കം നോക്കി വേണം കഴിക്കാൻ.
Discussion about this post