തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് മത്സരിക്കില്ല. കുമ്മനത്തെ പാര്‍ട്ടിയെ നയിക്കുന്ന പൂര്‍ണചുമതല നല്കി തെരഞ്ഞെടുപ്പ് രംഗം സജീവമാക്കാനാണ് പാര്‍ട്ടി തീരുമാനം. തെരഞ്ഞെടുപ്പ് വരെ പാര്‍ട്ടി പുനസംഘടന വേണ്ടെന്നും തീരുമാനമായി. നേമം കഴക്കൂട്ടം വട്ടിയൂര്‍ക്കാവ് ഉള്‍പ്പടെ ജയസാധ്യതയുള്ള മണ്ഡലങ്ങളിലേക്കുളള സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചു തീരുമാനിച്ചു.
നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രാഥമിക ഒരുക്കങ്ങള്‍ തുടങ്ങി. ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം ഏകോപിപ്പിക്കാനുള്ള സമിതി രൂപീകരിച്ചു. ആര്‍എസ്എസിലെ മുതിര്‍ന്ന നേതാക്കള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ സന്നിഹിതരാകും. എല്ലാ തലത്തിലും ആര്‍എസ്എസിന്റെ തീരുമാനമാകും അന്തിമമാകുകയെന്നാണ് ഇത് നല്കുന്ന സൂചന.
മുതിര്‍ന്ന നേതാക്കളെ രംഗത്തിറക്കി കടുത്ത പോരാട്ടത്തിലൂടെ തെരഞ്ഞെടുപ്പ് വിജയം നേടാനാണ് പാര്‍ട്ടി തീരുമാനം. മുന്‍കേന്ദ്രമന്ത്രി ഒ രാജഗോപാല്‍ നേമത്ത് സ്ഥാനാര്‍ത്ഥിയാകും., വട്ടിയൂര്‍കാവിലോ, ആറന്മുളയിലോ സുരേഷ് ഗോപി മത്സരിക്കും. സുരേഷ് ഗോപിയ്ക്ക് വട്ടിയൂര്‍കാവില്‍ മത്സരിക്കാനാണ് താല്പര്യമെന്നാണ് സൂചന. കഴക്കൂട്ടത്ത് മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന് സ്ഥാനാര്‍ത്ഥിയാകും , ആറന്മുളയിലോ, ചെങ്ങന്നൂരോ എം.ടി രമേശും സ്ഥാനാര്‍ത്ഥികളാകും.
ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം ശോഭ സുരേന്ദ്രനും മത്സരരംഗത്തുണ്ടാകും. തൃശ്ശൂരില്‍ ആണ് ശോഭ മത്സരിക്കാന്‍ സാധ്യത. സംഘടന നിര്‍ദ്ദേശിക്കുന്ന മണ്ഡലത്തില്‍ മത്സരിക്കുമെന്നാണ് ശോഭ സുരേന്ദ്രന് അറിയിച്ചിരിക്കുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന് കയ്പമംഗത്ത് സ്ഥാനാര്‍ത്ഥിയാകും. പി.കെ കൃഷ്ണദാസ് കാട്ടാക്കടയില്‍ മത്സരിക്കും.
എന്‍എസ്എസ് ഉള്‍പ്പടെയുള്ള സാമുദായിക സംഘടനകളുമായി തെരഞ്ഞെടുപ്പിന് മുന്‍പ് ധാരണയിലെത്താനാണ് തീരുമാനം. ഇക്കാര്യത്തില്‍ കുമ്മനം രാജശേഖരന് മുന്‍കൈ എടുത്ത് ചര്‍ച്ച നടത്താനും ധാരണയായി, കൃസ്ത്യന്‍ സംഘടനകളുമായി അടുക്കാനുള്ള നീക്കങ്ങളും നടക്കും.
Discussion about this post