പഞ്ചാബിൽ തകർന്ന പാക് ഡ്രോണിന്റെ അവശിഷ്ടങ്ങൾ; അന്വേഷണം ആരംഭിച്ചു

Published by
Brave India Desk

ചണ്ഡീഗഡ്: പഞ്ചാബിൽ വീണ്ടും അതിർത്തി കടന്ന് പാക് ഡ്രോൺ എത്തി. ഫിറോസ്പൂർ ജില്ലയിലെ ഹസാര സിംഗ് വാല ഗ്രാമത്തിലായിരുന്നു ഡ്രോൺ എത്തിയത്. തകർന്ന് നിലത്ത് വീണ ഡ്രോണിന്റെ അവശിഷ്ടങ്ങൾ ബിഎസ്എഫ് കണ്ടെടുത്തു.

ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. അതിർത്തി കടന്ന് ഡ്രോൺ എത്തിയതായി ഗ്രാമവാസികൾ ബിഎസ്എഫിനെ വിവരം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സംഘം സ്ഥലത്ത് എത്തുകയായിരുന്നു. ഗ്രാമവാസികൾ പറഞ്ഞ സ്ഥലത്ത് ബിഎസ്എഫ് പരിശോധന ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ രാവിലെയോടെയായിരുന്നു ഡ്രോൺ കണ്ടെടുത്തത്.

ചൈനീസ് ക്വാഡ് കോപ്റ്ററിന്റെ അവശിഷ്ടങ്ങൾ ആണ് കണ്ടെടുത്തത് എന്ന് ബിഎസ്എഫ് അറിയിച്ചു. സാങ്കേതിക തകരാറിനെ തുടർന്ന് തകർന്ന് വീണതാകാം എന്നാണ് ബിഎസ്എഫ് സംശയിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മയക്കുമരുന്നുമായാണ് ഡ്രോൺ എത്തിയത് എന്നാണ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന തുടരുകയാണ്. അതിർത്തിയിൽ നിരീക്ഷണവും ശക്തമാക്കി.

Share
Leave a Comment

Recent News