ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കായി ഇന്ത്യ ഒരുങ്ങുമ്പോൾ വേറെ ആഹ്ലാദിക്കുന്ന ഒരു ഗുജറാത്തി കുടുംബമുണ്ട്. നിലവിൽ പ്രശസ്ത വാസ്തുശില്പി ചന്ദ്രകാന്ത് സോംപുര ഗൃഹനാഥൻ ആയിരിക്കുന്ന സോംപുര കുടുംബം ആണത്. രാമക്ഷേത്രം രൂപകൽപ്പന ചെയ്ത വാസ്തുശില്പിയാണ് ചന്ദ്രകാന്ത് സോംപുര. ശാസ്ത്രീയമായി യാതൊരു വാസ്തുവിദ്യയും പഠിക്കാതെ പാരമ്പര്യത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ചന്ദ്രകാന്ത് സോംപുര രാമ ക്ഷേത്രം അടക്കം നിരവധി പ്രശസ്ത ക്ഷേത്രങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
2020 ഓഗസ്റ്റ് 5 ന് അയോധ്യയിൽ രാമക്ഷേത്രത്തിന്റെ തറക്കല്ലിട്ടു. ഭൂമി പൂജയോടെ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ആദ്യഘട്ട നിർമാണം ഔദ്യോഗികമായി ആരംഭിച്ചു. 18,000 കോടി രൂപ ചെലവിൽ നിർമിക്കുന്ന രാമക്ഷേത്രത്തിന്റെ രൂപരേഖ തയാറാക്കിയത് ഗുജറാത്തിൽ നിന്നുള്ള സോംപുര കുടുംബമാണ്. ഭാവ്‌നഗറിലെ പാലിറ്റാന പട്ടണത്തിൽപ്പെട്ട ഈ കുടുംബം പരമ്പരാഗതമായി ഏറ്റവും മികച്ച വാസ്തുശില്പികളായാണ് അറിയപ്പെടുന്നത്. 77 കാരനായ ചന്ദ്രകാന്ത് സോംപുരയാണ് രാമക്ഷേത്രത്തിന്റെ ഡിസൈൻ ജോലികൾ നിർവഹിച്ചത്.
പിതാവ് മുത്തശ്ശനും വേദങ്ങളും പകർന്നു നൽകിയ അറിവാണ് ചന്ദ്രകാന്ത് സോംപുര ഓരോ ക്ഷേത്രങ്ങളുടെ രൂപകല്പനയിലും പകർത്തുന്നത്. എന്നാൽ അദ്ദേഹത്തിന്റെ മക്കളും ക്ഷേത്രനിർമാണത്തിലെ മറ്റു ജീവനക്കാരും വിദഗ്ധരായ എൻജിനീയർമാരും ആർക്കിടെക്റ്റുമാരും ആണ്.
ഗുജറാത്തിൽ നിന്നുമുള്ള സോംപുര കുടുംബം അയോധ്യയിലെ രാമക്ഷേത്രത്തിന് മുമ്പുതന്നെ നിരവധി വലിയ ക്ഷേത്രങ്ങൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ സോമനാഥ ക്ഷേത്രം, അക്ഷർധാം, അംബാജി ക്ഷേത്രം എന്നിവ ഇതിൽ പ്രധാനപ്പെട്ട ചിലതാണ്. കൂടാതെ ലണ്ടനിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ രൂപകല്പനയും സോംപുര കുടുംബം തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. 15 തലമുറകളായി ഈ കുടുംബം ഇതുവരെ രാജ്യത്തും വിദേശത്തുമായി 200 ലധികം ക്ഷേത്രങ്ങൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്.
Leave a Comment