റാഞ്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഝാർഖണ്ഡ് മുൻ മുഖ്യന്ത്രി ഹേമന്ത് സോറനെ കസ്റ്റഡിയിൽ വിട്ടു. ഒരു ദിവസത്തേക്കാണ് റാഞ്ചിയിലെ പിഎംഎൽഎ കോടതി സോറനെ കസ്റ്റഡിയിൽ വിട്ടത്. അടുത്ത ദിവസം അദ്ദേഹത്തെ വീണ്ടും കോടതിയിൽ ഹാജരാക്കും.
പ്രാഥമിക ചോദ്യം ചെയ്യലിനും വൈദ്യ പരിശോധനയ്ക്കും ശേഷമാണ് സോറനെ കോടതിയിൽ ഹാജരാക്കിയത്. വിശദമായ അന്വേഷണത്തിനായി സോറനെ 10 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് ഇഡി കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു ദിവസത്തെ മാത്രം കസ്റ്റഡിയിൽ വിടുകയായിരുന്നു. അടുത്ത ദിവസം വീണ്ടും സോറനെ ഇഡി കസ്റ്റഡിയിൽ ആവശ്യപ്പെടും.
കഴിഞ്ഞ ദിവസമാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി. ഇതിൽ അദ്ദേഹത്തെ കഴിഞ്ഞ ദിവസം ഇഡി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഹേമന്ത് സോറന്റെ അറസ്റ്റ്.
Leave a Comment