അബുദാബി : ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ചരിത്രപരമായ ഉയർച്ചയിൽ നിൽക്കുന്ന കാലഘട്ടമാണിതെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം എക്കാലത്തെയും മികച്ച രീതിയിൽ ആകാനായി പ്രധാന കാരണം ഇന്ത്യൻ പ്രധാനമന്ത്രി എന്ന് നരേന്ദ്രമോദിയും യുഎഇ ഭരണാധികാരിയും പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിലുള്ള വ്യക്തിപരമായ ബന്ധം ആണെന്നും ഇന്ത്യൻ അംബാസഡർ വ്യക്തമാക്കി.
രണ്ടുദിവസത്തെ സന്ദർശനത്തിനായി ഫെബ്രുവരി 13ന് പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിൽ എത്തുമ്പോൾ വലിയ ആഘോഷങ്ങളോടെയാണ് യുഎഇയിലെ ഇന്ത്യൻ സമൂഹം വരവേൽക്കുന്നത്. ഫെബ്രുവരി 13ന് അബുദാബിയിൽ വച്ച് നടക്കുന്ന പൊതുസമ്മേളനത്തിൽ മോദി യുഎഇയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. ‘അഹ്‌ലൻ മോദി’ എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഇതുവരെ 65,000 പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും സഞ്ജയ് സുധീർ വ്യക്തമാക്കി.
ഫെബ്രുവരി 14ന് പശ്ചിമേഷ്യയിലെ തന്നെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രമായ ബാപ്സ് സ്വാമിനാരായണ ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിക്കും. പ്രധാനമന്ത്രിയുടെ ഇടപെടലിന്റെ ഫലമായാണ് യുഎഇ സർക്കാർ ഈ മഹത്തായ ക്ഷേത്രം നിർമ്മിക്കുന്നതിനായി ഭൂമി സമ്മാനിച്ചതെന്നും ഇന്ത്യൻ അംബാസഡർ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധത്തിന്റെ പ്രതീകമായി ക്ഷേത്രം നിലകൊള്ളുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Leave a Comment