അമൃത്സർ: പാക് ഡ്രോൺ പിടിച്ചെടുത്ത് അതിർത്തി സുരക്ഷാ സേന. പഞ്ചാബിലെ തരൺ ജില്ലയിൽ നിന്നാണ് ഡ്രോൺ കണ്ടെടുത്തത്. പ്രദേശത്ത് ഡ്രോണിന്റെ സാന്നിദ്ധ്യം മനസിലാക്കിയതിനെ തുടർന്ന് സുരക്ഷാ സേനയും പഞ്ചാബ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഡ്രോൺ കണ്ടെത്തിയത്
ഇന്ന് രാവിലെ ആയിരുന്നു സംഭവം. കലോഷ് ഹവോലിയൻ ഗ്രാമത്തിന് സമീപമുള്ള കൃഷിയിടത്തിൽ നടത്തിയ പരിശോധനയിലാണ് ബിഎസ്എഫ് ഡ്രോൺ കണ്ടെടുത്തത്. ക്വാഡ്‌കോപ്റ്റർ മോഡലിലുള്ള ഡ്രോണാണ് കണ്ടെത്തിയതെന്ന് അതിർത്തി സുരക്ഷാ സേന പുറത്തുവിട്ട വാർത്താ കുറിപ്പിൽ അറിയിച്ചു .
സംഭവത്തെ തുടർന്ന് പ്രദേശത്ത് വ്യാപകമായ തിരച്ചിൽ നടന്നു. ഡ്രോൺ ഉപയോഗിച്ച് ഭീകരർക്ക് വേണ്ടി ആയുധങ്ങളോ സ്ഫോടക വസ്തുക്കളോ ഇന്ത്യയിലേക്ക് എത്തിച്ചുവോയെന്ന് കണ്ടെത്താനാണ് തിരച്ചിൽ നടന്നത്.










