ന്യൂഡൽഹി : ബിജെപിക്കാർ അല്ലാതെ നിഷ്പക്ഷരായ ആളുകൾ പോലും ഇപ്പോൾ ഭരണത്തുടർച്ച ആഗ്രഹിക്കുന്നതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. അഴിമതിരാഹിത്യമാണ് ബിജെപി സർക്കാരിനെ വേറിട്ടതാക്കുന്നത്. കോവിഡിന് ശേഷം സാമ്പത്തിക രംഗത്ത് ഏറ്റവും മുന്നേറ്റം കാഴ്ചവച്ച രാജ്യമായി ഇന്ത്യ മാറി എന്നും നിർമ്മല സീതാരാമൻ അഭിപ്രായപ്പെട്ടു.
സുതാര്യവും കാര്യക്ഷമവും ആയ ഭരണമാണ് ബിജെപി സർക്കാർ കാഴ്ചവയ്ക്കുന്നത് എന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി. ചുവപ്പുനാട എന്ന നൂലമാല ഇല്ലാതെയായി എന്നുള്ളത് ജനങ്ങളെ സംബന്ധിച്ച് വലിയൊരു നേട്ടമാണ്. സ്യൂട്ട്കേസ് പണമിടപാട് സംസ്കാരവും ഇല്ലാതെയായി. പ്രതിസന്ധികൾ ഉണ്ടായ സമയത്ത് പോലും നികുതി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തയ്യാറായില്ല എന്നുള്ളതും സർക്കാരിന്റെ നേട്ടമായാണ് കാണുന്നത് എന്നും നിർമല സീതാരാമൻ വ്യക്തമാക്കി.
നരേന്ദ്രമോദി സർക്കാരിന് കീഴിൽ രാജ്യത്തെ ബാങ്കുകൾക്ക് വലിയ രീതിയിലുള്ള മാറ്റമാണ് ഉണ്ടായത്. ലോകത്തിലെ മറ്റ് ഏതൊരു ബാങ്കുകളോടും കിടപിടിക്കാവുന്ന രീതിയിൽ ഇന്ത്യയിലെ ബാങ്കുകൾ മാറി. നേരിട്ടോ അല്ലാതെയോ ഉള്ള നികുതി കൂട്ടാതെയാണ് ഇന്ത്യ ഈ വളർച്ച സ്വന്തമാക്കിയത്. ഇതിന്റെയെല്ലാം ഫലം ഇന്ത്യയിലെ യുവത്വത്തിന് ലഭിക്കുന്നതായിരിക്കും എന്നും കേന്ദ്ര ധനമന്ത്രി അഭിപ്രായപ്പെട്ടു.
Leave a Comment