എറണാകുളം: ഡൽഹി ലഫ്. ഗവർണർ വിനയ്കുമാർ സക്‌സേന ഇന്ന് കേരളത്തിൽ. എറണാകുളത്ത് എത്തുന്ന അദ്ദേഹം ക്രിസ്ത്യൻ സഭാ അദ്ധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും. കർദ്ദിനാൾ മാർ റാഫേൽ തട്ടിലുൾപ്പെടെയുള്ളവരുമായാണ് അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തുക. ലോക്‌സഭാതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മതമേലദ്ധ്യക്ഷന്മാരുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ച ഏറെ നിർണായകമാണ്.
രാവിലെയോടെയാകും അദ്ദേഹം കൊച്ചിയിൽ എത്തുക. റാഫേൽ തട്ടിലുമായിട്ടാണ് സക്‌സേനയുടെ ആദ്യം കൂടിക്കാഴ്ച. ഇതിന് ശേഷം ഉച്ചയ്ക്ക് 12 മണി്ക്ക് ഓർത്തഡോക്‌സ് സഭാദ്ധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും. പരിപാടിയിലെ മുഖ്യാഥിതിയാണ് അദ്ദേഹം. നാളെ തിരുവനന്തപുരത്ത് ബിഷപ്പ് തോമസ് ജെ നെറ്റോയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ യാക്കോബായ സഭയെ കൂടിക്കാഴ്ചയിൽ നിന്നും വിട്ട് നിർത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ കെ ആന്റണിയ്ക്ക് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് മതമേലദ്ധ്യക്ഷന്മാരുമായുള്ള ഡൽഹി. ലഫ്. ഗവർണറുടെ കൂടിക്കാഴ്ച.
Discussion about this post