യുവമോർച്ച നേതാവിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ പോപ്പുലർ ഫ്രണ്ട് ഭീകരൻ അറസ്റ്റിൽ

Published by
Brave India Desk

തൃശൂർ: യുവമോർച്ച നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വർഷങ്ങൾക്കുശേഷം അറസ്റ്റ് ചെയ്ത് പോലീസ്. പെരിയമ്പലം മണികണ്ഠൻ കൊലക്കേസിലെ പ്രതിയായ ചാവക്കാട് പുതിയങ്ങാടി സ്വദേശി ബുക്കാറയിൽ കീഴ്പ്പാട്ട് നസറുള്ള തങ്ങളാണ് പിടിയിലായത്. രണ്ടാം പ്രതിയായ ഇയാൾ നിരോധിത മതസംഘടനയായ പോപ്പുലർ ഫ്രണ്ട് (പിഎഫ്‌ഐ) പ്രവർത്തകനാണ്. വടക്കേക്കാട് പോലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ എൻഐഎയും ചോദ്യംചെയ്തുവരികയാണ്. ഇയാൾക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയ ആൾക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. എവിടെയാണ് ഒളവിൽ കഴിഞ്ഞതെന്ന് വ്യക്തമല്ല.

2004 ജൂൺ 12നായിരുന്നു യുവമോർച്ച ഗുരുവായൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്ന പെരിയമ്പലം മണികണ്ഠനെ വെട്ടിക്കൊലപ്പെടുത്തിയത്. എൻഡിഎഫ് പ്രവർത്തകരെ മർദ്ദിച്ചതിലുള്ള വിരോധംകാരണം കൊലചെയ്യുകയായിരുന്നു എന്നാണ് കേസ്. കേസിൽ വിചാരണ ആരംഭിച്ചതോടെയാണ് നസറുള്ള ഒളിവിൽ പോയത്. തുടർന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അന്വേഷണം തുടരുന്നതിനിടെ വർഷങ്ങൾ കഴിഞ്ഞ് ഇപ്പോഴാണ് പിടിയിലായത്.

മണികണ്ഠൻ കൊലക്കേസിൽ ഒന്നാം പ്രതിയായ ഖലീലിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഒൻപത് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ ഏഴുപേരെ വെറുതെ വിട്ടിരുന്നു. നസറുള്ള വിചാരണ നേരിട്ടിരുന്നില്ല. യൂത്ത് കോൺഗ്രസ് നേതാവായിരുന്ന നൗഷാദ് എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പന്ത്രണ്ടാം പ്രതികൂടിയാണ് നസറുള്ള.

 

Share
Leave a Comment

Recent News