കോഴിക്കോട് : കോഴിക്കോട് പന്തീരാങ്കാവിൽ നവവധുവിന് മർദ്ദനമേറ്റ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം. സ്ത്രീധനം നൽകാത്തതിലുള്ള വൈരാഗ്യമാണ് പെൺകുട്ടിക്ക് നേരെ ആക്രമണം നടത്താൻ കാരണമായതെന്ന് പിതാവ് ഹരിദാസ് വ്യക്തമാക്കി. പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ പന്തീരാങ്കാവ് സ്വദേശി രാഹുലിനെതിരെ പോലീസ് കേസെടുത്തു.
ഒരാഴ്ച മുൻപ് ആയിരുന്നു പന്തീരാങ്കാവ് സ്വദേശിയായ രാഹുലിന്റെയും പറവൂർ സ്വദേശിയായ പെൺകുട്ടിയുടെയും വിവാഹം കഴിഞ്ഞിരുന്നത്. കഴിഞ്ഞദിവസം വരണ്ട വീട്ടിലെ അടുക്കള ചടങ്ങിന് എത്തിയപ്പോഴായിരുന്നു പെൺകുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ കുടുംബം കണ്ടെത്തിയത്. കുളിമുറിയിൽ കാൽവഴുതി വീണു എന്നായിരുന്നു പെൺകുട്ടി ആദ്യം കുടുംബത്തോട് പറഞ്ഞത്. എന്നാൽ കുടുംബാംഗങ്ങൾ വിശദമായി ചോദിച്ചറിഞ്ഞപ്പോൾ ഭർത്താവ് ക്രൂരമായി മർദ്ദിച്ചതായി പെൺകുട്ടി വെളിപ്പെടുത്തുകയായിരുന്നു.
വിവാഹം കഴിഞ്ഞ് ആദ്യ ആഴ്ചയിൽ തന്നെ വധുവിനെ ക്രൂരമായി മർദ്ദിക്കുകയും കഴുത്തിൽ കേബിൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത രാഹുലിനെതിരെ പെൺകുട്ടിയുടെ കുടുംബം പന്തീരാങ്കാവ് പോലീസിൽ പരാതി നൽകി. സ്ത്രീധന പീഡനത്തിന് പുറമേ ഇയാൾക്ക് സംശയരോഗവും ഉള്ളതായി പെൺകുട്ടിയുടെ കുടുംബം വ്യക്തമാക്കുന്നു. അവശനിലയിൽ കണ്ടതിനെ തുടർന്ന് പോലീസ് തന്നെ ഇടപ്പെട്ട് ആശുപത്രിയിലാക്കിയിരുന്ന പെൺകുട്ടിയെ ഡിസ്ചാർജ് ചെയ്തതോടെ കുടുംബം പറവൂരിലെ സ്വന്തം വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു. ഗാർഹിക പീഡനം അടക്കമുള്ള വകുപ്പുകൾ ചുമത്തി രാഹുലിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Leave a Comment