ന്യൂഡൽഹി: പ്രധാനമന്ത്രിയായുള്ള നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ നേരത്തെ നിശ്ചയിച്ചതിൽ നിന്നും ഒരു ദിവസം വൈകിയേക്കുമെന്ന് സൂചന. ഞായറാഴ്ചയാകും നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുകയെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ശനിയാഴ്ച മോദി അധികാരമേൽക്കുമെന്നായിരുന്നു പുറത്തുവന്നിരുന്ന സൂചനകൾ.
രാത്രി ഒൻപത് മണിയോടെയാകും സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. രാഷ്ട്രപതിഭവനിൽ നടക്കുന്ന പരിപാടിയിൽ ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിൻഗെ, ബംഗ്ലേദശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എന്നിവർ പങ്കെടുക്കും. ചടങ്ങിലേക്ക് നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹലിനും ക്ഷണമുണ്ട്. പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ വെള്ളിയാഴ്ച ഷെയ്ഖ് ഹസീന ഡൽഹിയിലേക്ക് തിരിക്കും. ഭൂട്ടാൻ പ്രധാനമന്ത്രിയെയും, മൗറീഷ്യസ് പ്രധാനമന്ത്രിയെയും പരിപാടിയിലേക്ക് മോദി ക്ഷണിക്കുമെന്നാണ് സൂചന.
നിലവിൽ മന്ത്രിസഭാ വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. നാളെ എൻഡിഎ നേതാക്കൾ വീണ്ടും യോഗം ചേരുന്നുണ്ട്. ഇതിന് ശേഷം എൻഡിഎ നേതാക്കൾ രാഷ്ട്രപതിയെ കണ്ട് സർക്കാർ രൂപീകരണത്തിനായി അവകാശവാദം ഉന്നയിക്കും.
Discussion about this post