റായ്പുർ : ഉത്തരാഖണ്ഡിനും മധ്യപ്രദേശിനും ഉത്തർപ്രദേശിനും പിന്നാലെ അഗ്നിവീരന്മാർക്ക് സംവരണം നൽകുമെന്ന് പ്രഖ്യാപിച്ച് ചത്തീസ്ഗഡ് സർക്കാർ. ഛത്തീസ്ഗഡിലെ സംസ്ഥാന പോലീസ് സേനയിലും ഫോറസ്റ്റ് ഗാർഡ്, ജയിൽ ഗാർഡ് വിഭാഗങ്ങളിലും അഗ്നി വീരന്മാർക്ക് പ്രത്യേക മുൻഗണന നൽകും എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
കാർഗിൽ വിജയ് ദിവസ് ചടങ്ങിൽ സംസാരിക്കവെ അഗ്നിപഥ് പദ്ധതിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തിയതിന് പ്രധാനമന്ത്രി മോദി പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയുടെ ഈ പ്രഖ്യാപനം. ഇതോടെ അഗ്നിവീരന്മാർക്ക് സർക്കാർ ജോലികളിൽ സംവരണം നൽകുമെന്ന് പ്രഖ്യാപിച്ച ബിജെപി സർക്കാർ നേതൃത്വം നൽകുന്ന നാലാമത്തെ സംസ്ഥാനമായി ഛത്തീസ്ഗഡ്.
ഛത്തീസ്ഗഡിൽ നിന്നുള്ള അഗ്നിവീരന്മാരെ തങ്ങളുടെ സേവനം പൂർത്തിയാക്കി ഇന്ത്യൻ സൈന്യത്തിൽ നിന്ന് പുറത്തുകടന്നതിന് ശേഷം പോലീസ് കോൺസ്റ്റബിൾ, ഫോറസ്റ്റ്, ജയിൽ ഗാർഡ് വിഭാഗങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് മുൻഗണന നൽകുമെന്ന് വിഷ്ണു ദേവ് സായി അറിയിച്ചു. ഇതിനുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ തന്നെ പുറത്തിറക്കുമെന്നും ഛത്തീസ്ഗഡ് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
Leave a Comment