ഇന്ത്യ ആസൂത്രണം ചെയ്ത് വിജയിപ്പിച്ച ഓപ്പറേഷൻ സിന്ദൂരിൽ ഒരു പിഴവ് പോലും സംഭവിച്ചിട്ടില്ലെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ. പാകിസ്താന്റെ 13 വ്യോമതാവളങ്ങൾ നമ്മൾ തകർത്തു. ഒമ്പത് ഭീകരകേന്ദ്രങ്ങൾ നശിപ്പിച്ചു. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയ്ക്ക് ഒരു നഷ്ടവുമുണ്ടായിട്ടില്ലെന്നും അങ്ങനെ സംവിച്ചതിന്റെ ഒരു ചിത്രമെങ്കിലും ഹാജരാക്കാനാകുമോയെന്നും അജിത് ഡോവൽ വെല്ലുവിളിച്ചു.ഐഐടി മദ്രാസിൽ നടന്ന ചടങ്ങിനിടെയാണ് ഓപ്പറേഷൻ സിന്ദൂർ ദൗത്യത്തിൽ ഇന്ത്യയ്ക്ക് നഷ്ടമുണ്ടായെന്ന അന്താരാഷ്ട്ര മാദ്ധ്യമങ്ങളിലെ റിപ്പോർട്ടുകൾ തള്ളി കളഞ്ഞത്.
പാകിസ്താൻ അത് അത് ചെയ്തു ഇത് ചെയ്തുവെന്നാണ് വിദേശ മാദ്ധ്യമങ്ങൾ പറയുന്നത്. പാകിസ്ഥാൻറെ ആക്രമണത്തിൽ ഏതെങ്കിലും ജനൽ ചില്ല് തകർന്നതിൻറെ ചിത്രമെങ്കിലും കാണിച്ചു തരാനാകുമോ? ഇന്ത്യക്ക് അവർ കനത്ത നാശം വിതച്ചുവെന്ന് പറയുന്നതിന് തെളിവായി ഒരു ചിത്രമെങ്കിലും പുറത്തുവിടാനാകുമോ? അതെല്ലാം അവർ വെറുതെ എഴുതിവിടുകയായിരുന്നുവെന്ന് അജിത് ഡോവൽ പറഞ്ഞു.
ഇന്ത്യ-പാക് സംഘർഷമുണ്ടായപ്പോൾ വിദേശ മാധ്യമങ്ങളെല്ലാം കൃത്യമായി പാക് പക്ഷം പിടിച്ചാണ് റിപ്പോർട്ടുകൾ നൽകിയതെന്നും അദ്ദേഹം ആരോപിച്ചു. പാകിസ്താൻ ഇന്ത്യയ്ക്ക് മേൽ രൂക്ഷമായ ആക്രമണം നടത്തിയെന്നും വൻ നാശനഷ്ടം ഇന്ത്യയ്ക്ക് സംഭവിച്ചുവെന്നും ആളുകൾക്ക് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു റിപ്പോർട്ടുകളത്രയും പുറത്തുവന്നത്. എന്നാൽ ഇതിനൊന്നിനും തെളിവുകളുണ്ടായിരുന്നില്ല. പക്ഷേ ഇന്ത്യയാവട്ടെ, പാക് വ്യോമത്താവളങ്ങൾക്ക് നേരെ നടത്തിയ ആക്രമണങ്ങളുടെയെല്ലാം ചിത്രങ്ങൾ സഹിതമാണ് ലോകത്തെ കാണിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
പാകിസ്താൻ വലിയതെന്തോ ചെയ്‌തെന്ന് വിദേശമാദ്ധ്യമങ്ങൾ പറയുന്നു, ഒരു ഫൊട്ടോ…ഒറ്റച്ചിത്രം കാണിച്ചു തരൂ.. ഇന്ത്യയിലെ ഒരു കെട്ടിടമോ എന്തിന് ജനാലയുടെ ചില്ലോ പൊട്ടിയത് കാണിച്ചാലും മതി. പാകിസ്താനിലെ 13 വ്യോമത്താവളങ്ങളിൽ നാശം വിതച്ചതിൻറെ ചിത്രങ്ങൾ ഇന്ത്യയുടെ പക്കലുണ്ട്. അത് ലോകത്തെ കാണിച്ചതുമാണ്. അത് സർഗോധയാണെങ്കിലും റഹിം യാർ ഖാനാണെങ്കിലും ചാക്‌ലയാണെങ്കിലും തെളിവുണ്ട്’- അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയിൽ ഇരുന്ന് തന്നെ പാകിസ്താനിനുള്ളിൽ അതും തന്ത്രപ്രധാന കേന്ദ്രങ്ങളിൽ നാശം വിതയ്ക്കാനുള്ള ശക്തി ഇന്ത്യയ്ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post