ലോർഡ്‌സിൽ നടന്ന മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ 14-ാം ഓവറിൽ തന്നെ നിതീഷ് കുമാർ റെഡ്ഡിയെ ആക്രമണത്തിലേക്ക് കൊണ്ടുവന്ന ശുഭ്മാൻ ഗില്ലിനെ ആദ്യം വിമർശിച്ച തനിക്ക് തെറ്റ് പറ്റിയെന്ന് മൈക്കൽ വോൺ സമ്മതിച്ചു. എന്തായാലും മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ തന്റെ തെറ്റ് തിരുത്തി, ഇന്ത്യയുടെ പുതിയ ടെസ്റ്റ് നായകനായ ഗില്ലിന്റെ തന്ത്രപരമായ മാസ്റ്റർസ്ട്രോക്കായിരുന്നു ഇതെന്ന് പറഞ്ഞു.
റെഡ്ഡി തന്റെ ആദ്യ ഓവറിൽ തന്നെ ഇംഗ്ലണ്ട് ഓപ്പണർമാരായ സാക്ക് ക്രാളിയെയും ബെൻ ഡക്കറ്റിനെയും പുറത്താക്കി. കൂടാതെ ഇന്നലെ മുഴുവൻ ഇംഗ്ലീഷ് ബാറ്റ്‌സ്മാൻമാരെ കുഴക്കുകയും ചെയ്തു. ” ജോ റൂട്ടിനെ മറ്റേതൊരു ബൗളർമാരെക്കാളും കൂടുതൽ സമ്മർദ്ദത്തിലാക്കിയത് നിതീഷ് കുമാർ റെഡ്ഡിയാണെന്ന്. അത് ശുഭ്മാൻ ഗില്ലിന്റെ ഒരു മാസ്റ്റർ സ്ട്രോക്ക് ആയിരുന്നു, കാരണം ഞാൻ കമന്ററി ബോക്‌സിൽ ‘അദ്ദേഹം എന്തിനാണ് നിതീഷ് കുമാർ റെഡ്ഡിയെ ഇപ്പോൾ കൊണ്ടുവന്നത്?’ എന്ന് ഞാൻ ചിന്തിച്ചുകൊണ്ടിരുന്നു. പക്ഷെ, അത് ശരിക്കും നല്ലൊരു നീക്കമായിരുന്നു, തന്ത്രപരമായ നീക്കമായിരുന്നു,” ക്രിക്ക്ബസിൽ ഗില്ലിനെക്കുറിച്ച് വോൺ പറഞ്ഞു.
നാല് ദിവസം മുമ്പ് മാത്രം അവസാനിച്ച എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ വളരെയധികം പരിശ്രമിച്ച് പന്തെറിഞ്ഞതിനാൽ മുഹമ്മദ് സിറാജും ആകാശ് ദീപും ക്ഷീണിതരായി കാണപ്പെട്ടുവെന്ന് വോൺ അഭിപ്രായപ്പെട്ടു. “സിറാജും ആകാശ് ദീപും അൽപ്പം ക്ഷീണിതരായി കാണപ്പെട്ടു എന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അവർ എഡ്ജ്ബാസ്റ്റണിൽ കളിച്ചതേ ഉള്ളു, ഇപ്പോൾ അവർ പിന്നെയും പന്തെറിയുന്നു” മുൻ നായകൻ പറഞ്ഞു.
അതേസമയം ഇന്നലെ ഒന്നാം ദിനം 251 – 4 ‘എന്ന നിലയിൽ അവസാനിപ്പിച്ച ഇംഗ്ലണ്ടിന് ഇന്ന് രണ്ടാം ദിനം തുടക്കത്തിൽ തന്നെ ബെൻ സ്റ്റോക്‌സിന്റെയും ( 44 ) ജോ റൂട്ടിന്റെയും (104 ) ക്രിസ് വോക്‌സിന്റെയും( 0 ) വിക്കറ്റ് നഷ്ടമായി. ബുംറയാണ് മൂന്ന് വിക്കറ്റുകളും എടുത്തത്. നിലവിൽ 271 റൺ സ്കോർ ബോർഡിൽ ഉള്ള ഇംഗ്ലണ്ടിന് 7 വിക്കറ്റുകൾ നഷ്ടമായിട്ടുണ്ട് .
Discussion about this post