ടെന്നീസ് താരം രാധികാ യാദവിനെ വെടിവെച്ച് കൊന്ന സംഭവത്തിൽ പ്രതിയും പിതാവുമായ ദീപക് യാദവിന്റെ കുറ്റസമ്മത മൊഴി പുറത്ത്. മകളുടെ വരുമാനം കൊണ്ട് ജീവിക്കുന്നുവെന്ന് പറഞ്ഞ് തനിക്ക് പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നെന്നും തന്റെ അഭിമാനത്തെ അത് മുറിവേൽപ്പിച്ചുവെന്നും ദീപക് യാദവ് പറയുന്നു.
ഹരിയാണ ഗുരുഗ്രാമിലെ സെക്ടർ 57-ൽ വ്യാഴാഴ്ച രാവിലെ 10:30-നാണ് സംസ്ഥാന ടെന്നീസ് താരമായ രാധികയെ പിതാവ് ദീപക് വെടിവെച്ച് കൊന്നത്. റിവോൾവർ ലൈസൻസുള്ള ദീപക് ഇതുപയോഗിച്ചാണ് രാധികയെ കൊലപ്പെടുത്തിയത്. സ്വന്തമായി വരുമാനം നേടുന്നതിനു പുറമെ മകൾ ഇൻസ്റ്റഗ്രാമിൽ പതിവായി റീൽസിടുന്നതും ഒരു സംഗീത വീഡിയോയിൽ അഭിനയിച്ചതും ദീപക്കിനെ അസ്വസ്ഥനാക്കിയിരുന്നു.
രാധികയുടെ മുതുകിൽ മൂന്ന് വെടിയുണ്ടകളാണ് തുളച്ച് കയറിയത്. ഇതിന് പിന്നാലെ കസ്റ്റഡിയിലായ ദീപക് പോലീസിന് നൽകിയ മൊഴി ഏറെ നടക്കുന്നതാണ്. മകളുടെ സമ്പാദ്യം തിന്നുന്ന അച്ഛനെന്ന നാട്ടുകാരുടെ കളിയാക്കലാണ് തന്നെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ദീപക് പറയുന്നത്.
വസിരാബാദ് ഗ്രാമത്തിൽ പാൽ വാങ്ങാൻ പോകുന്നതിനിടെ ആളുകളിൽ നിന്നും പതിവായി ഇത്തരത്തിൽ പരിഹാസമേറ്റിരുന്നു. ഇത് തന്നെ മാനസിക സമ്മർദത്തിലേക്ക് നയിക്കുകയും കടുത്ത രീതിയിൽ ദേഷ്യം പിടിപ്പിക്കുകയും ചെയ്തു. രാധികയോട് അക്കാദമി അടച്ചുപൂട്ടാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും അവൾ വിസമ്മതിച്ചു. ഇതോടെയാണ് കൊലപാതകം നടത്തിയതെന്നും ഇയാൾ പറഞ്ഞതായാണ് പോലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
Discussion about this post