അഭിനവ് ബിന്ദ്രയ്ക്ക് അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷന്റെ പരമോന്നത ബഹുമതി ; ഒളിമ്പിക് ഓർഡർ നേടുന്ന ആദ്യ ഇന്ത്യൻ കായികതാരം

Published by
Brave India Desk

പാരീസ് : പാരീസിൽ നടന്ന 142-ാമത് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐഒസി) ആദരവ് നേടി ഇന്ത്യൻ ഷൂട്ടിംഗ് താരം അഭിനവ് ബിന്ദ്ര. ഐഒസിയുടെ അഭിമാന പുരസ്കാരമായ ഒളിമ്പിക് ഓർഡർ നൽകിയാണ് ഒളിമ്പിക്സ് സമിതി അഭിനവ് ബിന്ദ്രയെ ആദരിച്ചത്. ഒളിമ്പിക് പ്രസ്ഥാനത്തിന് മികച്ച സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിച്ചുകൊണ്ട് ഐഒസി നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണ് ഒളിമ്പിക് ഓർഡർ.

ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക് സ്വർണ മെഡൽ ജേതാവാണ് അഭിനവ് ബിന്ദ്ര. 2008 ബീജിംഗ് ഒളിമ്പിക്സിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിലാണ് അഭിനവ് ബിന്ദ്ര സ്വർണ്ണ മെഡൽ നേടിയിരുന്നത്. ഈ നേട്ടത്തോടെ വ്യക്തിഗത ഒളിമ്പിക് സ്വർണ്ണ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനായി അദ്ദേഹം മാറി. എയർ റൈഫിൾ ഷൂട്ടിംഗിൽ ലോക ചാമ്പ്യൻഷിപ്പ് സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ബഹുമതിയും അഭിനവ് ബിന്ദ്രയ്ക്ക് സ്വന്തമാണ്.

രണ്ട് പതിറ്റാണ്ട് നീണ്ട തൻ്റെ കരിയറിൽ അഭിനവ് ബിന്ദ്ര 150-ലധികം വ്യക്തിഗത മെഡലുകൾ നേടിയിട്ടുണ്ട്. 2018-ൽ ഇൻ്റർനാഷണൽ ഷൂട്ടിംഗ് സ്‌പോർട്‌സ് ഫെഡറേഷൻ്റെ (ISSF) പരമോന്നത ബഹുമതിയായ ബ്ലൂ ക്രോസ് ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചു. ഇന്ത്യൻ കായിക ലോകത്തെ ഏറ്റവും വിജയകരമായ കരിയർ ആയാണ് അഭിനവ് ബിന്ദ്രയുടെ കായിക ജീവിതം വിശേഷിപ്പിക്കപ്പെടുന്നത്.

” ഒളിമ്പിക് ആദർശങ്ങൾ ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്ന എല്ലാ കായികതാരങ്ങൾക്കും കായിക പ്രേമികൾക്കും വേണ്ടി താൻ ഈ പുരസ്കാരം സമർപ്പിക്കുന്നു എന്ന് അഭിനവ് ബിന്ദ്ര അറിയിച്ചു.
ഈ അംഗീകാരം കേവലം ഒരു വ്യക്തിഗത നാഴികക്കല്ല് മാത്രമല്ല, സ്പോർട്സ് നമ്മിൽ എല്ലാവരിലും പകർന്നുനൽകുന്ന സ്ഥിരോത്സാഹത്തിൻ്റെയും അർപ്പണബോധത്തിൻ്റെയും ആത്മ സാക്ഷ്യമാണ്. ഐഒസിയുടെ അംഗീകാരം ലഭിച്ചതിൽ എനിക്ക് അഗാധമായ നന്ദിയും ബഹുമാനവുമുണ്ട്” എന്നും അഭിനവ് ബിന്ദ്ര വ്യക്തമാക്കി.

Share
Leave a Comment

Recent News