ന്യൂഡൽഹി : ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ജയ് ഷായ്ക്ക് പകരമായി പുതിയ ബിസിസിഐ സെക്രട്ടറിയെ ഉടൻ തിരഞ്ഞെടുത്തേക്കും. ബിസിസിഐയുടെ പുതിയ സെക്രട്ടറിയും ബിജെപി കുടുംബത്തിൽ നിന്നാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐസിസി ബോർഡിലെ 16 അംഗങ്ങളിൽ 15 പേരുടെയും പിന്തുണയോടെയാണ് ജയ് ഷാ ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞാൽ വൈകാതെ തന്നെ ജയ് ഷാ ബിസിസിഐ സെക്രട്ടറി സ്ഥാനം രാജിവെക്കുന്നതായിരിക്കും. അദ്ദേഹത്തിന്റെ പകരക്കാരനാകാൻ ബിസിസിഐ പ്രഥമ പരിഗണന നൽകുന്നത് അന്തരിച്ച ബിജെപി നേതാവ് അരുൺ ജെയ്റ്റിലിയുടെ മകൻ രോഹൻ ജെയ്റ്റ്ലിക്ക് ആണ്. നിലവിൽ ഡൽഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ (ഡിഡിസിഎ) പ്രസിഡന്റ് ആണ് രോഹൻ ജെയ്റ്റ്‌ലി.
ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് നാമനിർദ്ദേശം സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 27 ആണ്. മൂന്നാം തവണയും മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച നിലവിലെ ചെയർമാനായ ന്യൂസിലാൻഡിൽ നിന്നുള്ള ഗ്രെഗ് ബാർക്ലേയുടെ കാലാവധി നവംബറിൽ അവസാനിക്കും. തുടർന്ന് ഡിസംബർ 1 ന് പുതിയ ഐസിസി ചെയർമാൻ ചുമതലയേൽക്കുന്നതായിരിക്കും.
Leave a Comment