തിരുവനന്തപുരം: സിനിമാരംഗത്ത് ലൈംഗികാതിക്രമം നേരിട്ടെന്ന് വെളിപ്പെടുത്തിയവരുടെ രഹസ്യ മൊഴിയെടുക്കാനൊരുങ്ങി പോലീസ്. മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തിയ ശേഷം, പ്രതികളുടെ അറസ്റ്റിലേക്ക് നീങ്ങാനുള്ള തയ്യാറെടുപ്പുകളും പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട് . പ്രാഥമിക മൊഴി ഇന്നു മുതൽ രേഖപ്പെടുത്തും.മൊഴിയിലെ വസ്തുതകൾ പരിശോധിച്ചും ലഭ്യമാവുന്ന ശാസ്ത്രീയ,സാഹചര്യ തെളിവുകൾ ശേഖരിച്ചും പരാതി പഴുതടച്ചതാണെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമായിരിക്കും അറസ്റ്റ്.
സംവിധായകൻ രഞ്ജിത്തിനെതിരേ ആരോപണമുന്നയിച്ച ബംഗാളി നടിയുടെ മൊഴി ഓൺലൈനായി രേഖപ്പെടുത്തും. അവർക്ക് കേരളത്തിലെത്താൻ ബുദ്ധിമുട്ടാണെങ്കിൽ ബംഗാളിലെ കോടതിയിൽ രഹസ്യ മൊഴിയെടുക്കാൻ പൊലീസ് അപേക്ഷ നൽകും എന്നാണറിയുന്നത്. സിദ്ദിഖിനെതിരായ കേസിലാവും അടുത്ത നടപടി. അതേസമയം ആരോപണവിധേയർ മുൻകൂർജാമ്യത്തിന് ശ്രമം തുടങ്ങിയിട്ടുണ്ട്.
ലൈംഗികാതിക്രമത്തിന്റെ 17പരാതികളാണ് ഇതുവരെ കിട്ടിയിട്ടുള്ളത്. സംവിധായകൻ സുധീഷിനെതിരേ സീരിയൽ നടി കഠിനംകുളം പൊലീസിൽ നൽകിയതാണ് ഏറ്റവും ഒടുവിലയുള്ളത്. മുകേഷ്, ജയസൂര്യ അടക്കമുള്ളവർക്കെതിരേ നടി മീനു മുനീർ 7പരാതികളാണ് നൽകിയത്.
അതേസമയം ലോക്കൽ സ്റ്റേഷനുകളിലെടുക്കുന്ന കേസുകൾ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. കൂടുതൽ വനിതാപൊലീസിനെ സംഘത്തിലുൾപ്പെടുത്താനും ഡി.ജി.പി ഷേഖ്ദർവേഷ് സാഹിബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
Leave a Comment