നഴ്‌സറികുട്ടിയിൽ നിന്ന് സ്‌നേഹസമ്മാനമായി അദ്ധ്യാപിക ചോക്ലേറ്റ് വാങ്ങി; പിന്നാലെ ജോലി തെറിച്ചു

Published by
Brave India Desk

നമ്മൾക്ക് എല്ലാവർക്കും വീട് പോലെ തന്നെ ഏറ്റവും ഓർമ്മകൾ ഉള്ളയിടമാണ് സ്‌കൂൾ. കൂട്ടുകാരും ക്ലാസ്മുറിയും അദ്ധ്യാപികമാരും ഇന്നും നമുക്ക് നല്ല മധുരമുള്ള ഓർമ്മകളുടെ ഭാഗമാണ്. നമ്മളുടെ ജീവിതത്തിൽ കുടുംബത്തെ പോലെ തന്നെ വലിയ സ്വാധീനമാണ് നമ്മുടെ അദ്ധ്യാപകർക്കും ഉള്ളത്. മാതാപിതാക്കളെയും സഹോദരങ്ങളെയും പോലെ തന്നെ വിദ്യാർത്ഥികളിൽ പലരും അദ്ധ്യാപകരെ സ്‌നേഹിക്കുന്നു. കൊച്ച് കുട്ടികളാണെങ്കിൽ പിന്നെ അദ്ധ്യാപകരോട് പ്രത്യേക സ്‌നേഹമായിരിക്കും. അവർക്ക് കയ്യിൽ കിട്ടുന്ന എന്തും അദ്ധ്യാപകർക്ക് സമ്മാനമായി നൽകാനും അവർ മത്സരിക്കും. അദ്ധ്യാപകർക്കായി നമ്മൾ അന്താരാഷ്ട്ര തലത്തിൽ ഒരുദിനം തന്നെ കൊണ്ടാടുന്നുണ്ട്.

പക്ഷേ അദ്ധ്യാപകദിനത്തിലെ ഒരുപ്രവൃത്തിയിൽ നിന്ന് സ്വന്തം ജോലി തന്നെ നഷ്ടപ്പെട്ട ഒരു അദ്ധ്യാപികയുടെ കഥയാണ് ഇപ്പോൾ ചർച്ചയാവുന്നത്. അദ്ധ്യാപക ദിനത്തിൽ ഒരു കുട്ടിയിൽ നിന്നും ചോക്ലേറ്റ് സമ്മാനമായി വാങ്ങിയ ഒരു നഴ്‌സറി സ്‌കൂൾ പ്രിൻസിപ്പാൾ കൂടിയായ അദ്ധ്യാപികയ്ക്ക് സ്വന്തം ജോലി നഷ്ടമായി. വിദ്യാർത്ഥിയിൽ നിന്നും സമ്മാനമായി 60 രൂപ വിലയുള്ള ഒരു ചോക്ലേറ്റ്, വാങ്ങിയതിന് പിന്നാലെയാണ് അദ്ധ്യാപികയ്ക്ക് ജോലി നഷ്ടമായത്.

ചോങ്കിംഗിലെ സാൻസിയ കിൻറർഗാർട്ടനിലെ പ്രധാന അധ്യാപികയായ വാങ്ങിനാണ് ഇത്തരത്തിൽ ഒരു ദുരനുഭവം ഉണ്ടായത്. വിദ്യാർത്ഥിയിൽ നിന്നും സമ്മാനം സ്വീകരിച്ചതിൻറെ പേരിലാണ് വാങ്ങിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടത്.വിദ്യാർത്ഥികളിൽ നിന്നോ, അവരുടെ മാതാപിതാക്കളിൽ നിന്നോ എന്തെങ്കിലും സമ്മാനങ്ങളോ, പണമോ അഭ്യർത്ഥിക്കുന്നതിനോ സ്വീകരിക്കുന്നതിനോ അദ്ധ്യാപകരെവിലക്കുന്ന വിദ്യാഭ്യാസ മന്ത്രാലയ നിയമം വാങ് ലംഘിച്ചുവെന്നും അധികൃതർ ചൂണ്ടിക്കാട്ടി എന്നാൽ സ്‌കൂളിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരിക്കുന്ന ദൃശ്യങ്ങളിൽ ഒരു കുട്ടിയിൽ നിന്നും വാങ് ചോക്ലേറ്റ് ബോക്‌സ് വാങ്ങുന്നതും അത് ക്ലാസ്സിലെ മറ്റ് കുട്ടികൾക്ക് പങ്കുവെച്ച് നൽകുന്നതും വ്യക്തമാണ്.

സിസിടിവി അടക്കമുള്ളവ പരിശോധിച്ച കോടതി വാങ്ങിൻറെ ഭാഗത്താണ് ന്യായമെന്ന് വിധിച്ചു. അദ്ധ്യാപികയോടുള്ള വിദ്യാർത്ഥിയുടെ സ്‌നേഹവും ബഹുമാനവും കൊണ്ടാണ് ചോക്ലേറ്റ് നൽകിയതെന്നും വാങ് അത് സ്വീകരിച്ചത് ചട്ടലംഘനമല്ലെന്നും കോടതി നിരീക്ഷിച്ചു.

 

Share
Leave a Comment

Recent News