ബാറ്റ്‌സ്മാന്മാരുടെ സമീപനം കൂടുതൽ ആക്രമണാത്മകമാവുകയും പിച്ചുകൾ കൂടുതൽ അനുകൂലം ആകുകയും ചെയ്യുന്നതിനാൽ, ഇക്കാലത്ത് ബൗളർമാർ സാധാരണയായി ശരിക്കും ബാറ്റ്‌സ്മാന്മാർക്ക് മുന്നിൽ ബലിയാടുകളാകുന്ന കാഴ്ച്ചയാണ് ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലും കാണാൻ സാധിക്കുന്നത്. ഏത് ബോളറെ കിട്ടിയാലും അടിച്ചുപറത്താനാണ് മിക്ക ബാറ്റ്‌സ്മാൻമാരുടെയും മൂഡ്. അതിനാൽ തന്നെ ബോളർമാരുടെ ഇക്കണോമിയും ഇപ്പോൾ കൂടുതലാണ് എന്ന് നോക്കിയാൽ മനസിലാകും.
എന്നിരുന്നാലും 10 വർഷങ്ങൾക്ക് മുമ്പ്, പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള ഏഷ്യാ കപ്പ് മത്സരത്തിൽ മുൻ ബൗളർ ഒരു പന്ത് പോലും എറിയാതെ 8 റൺസ് വഴങ്ങിയ ഒരു വിചിത്ര റെക്കോഡിന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചു. അത് എങ്ങനെ സംഭവിച്ചുവെന്നും അത്തരമൊരു വിചിത്രമായ സംഭവത്തിലേക്ക് നയിച്ചത് എന്താണെന്നും നമുക്ക് നോക്കാം.
തുടർച്ചയായി മൂന്ന് ഫുൾ ടോസ് നോ ബോളുകൾ എറിഞ്ഞാണ് പാകിസ്ഥാന്റെ ഇടംകൈയ്യൻ സ്പിന്നർ അബ്ദുറഹ്മാൻ 0-0-8-0 എന്ന സ്പെൽ എറിഞ്ഞത്. 2014 ലെ ഏഷ്യാ കപ്പ് മത്സരത്തിൽ ബംഗ്ലാദേശിനെതിരായ മിർപൂരിലെ ഷേർ ബംഗ്ലാ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 11 ആം ഓവറിലാണ് സംഭവം നടന്നത്. സ്പിന്നറുടെ ആദ്യ പന്ത് ബാറ്റ്സ്മാന്റെ അരക്കെട്ടിന് മുകളിലേക്ക് പോയി, അത് നോ ബോളായി.
ശേഷം രണ്ടാം പന്തിൽ റഹ്മാൻ ഒരു ബീമർ ആയിരുന്നു. അതിൽ ബാറ്റ്സ്മാൻ ഷോട്ട് പായിച്ചെങ്കിലും ക്യാച്ചിൽ അവസാനിച്ചു. എന്നാൽ നോ ബോൾ ആയതുകൊണ്ട് കാര്യമില്ലല്ലോ. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചട്ടങ്ങൾ അനുസരിച്ച് അരയ്ക്ക് മുകളിൽ ഒന്നിലധികം ഫുൾ ടോസ് എറിഞ്ഞതിന് ശേഷം ബൗളറെ ആക്രമണത്തിൽ നിന്ന് ഒഴിവാക്കാറുണ്ട്. എന്നാൽ പാകിസ്ഥാൻ നായകൻ മിസ്ബ-ഉൽ-ഹഖുമായി ഒരു ചെറിയ ചർച്ചയ്ക്ക് ശേഷം ദക്ഷിണാഫ്രിക്കൻ അമ്പയർ ജോഹാൻ ക്ലോയിറ്റ് റഹ്മാന് തന്റെ ഓവർ തുടരാൻ അനുവദിച്ചു.
തൊട്ടാടുത്ത പന്തിലും താരം ഫുൾ ടോസ് നോ ബോൾ തന്നെ എറിഞ്ഞു. ഇത് ബാറ്റ്സ്മാൻ ബൗണ്ടറി പായിക്കുകയും ചെയ്തു. ഇതോടെ 5 റൺ എതിരാളിക്ക് കിട്ടി. ശേഷം താരത്തെ ബോളിങ്ങിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
Discussion about this post