ഓണ സദ്യ നിസ്സാരമല്ല,കലോറി കൂടിപ്പോയെന്ന് പേടി വേണ്ട: ഗുണങ്ങളഴിഞ്ഞാൽ രാത്രികൂടി ഒരിലയിടും

Published by
Brave India Desk

എരിവും മധുരവും ഉപ്പും പുളിയും കയ്പ്പും എല്ലാം ചേര്‍ന്ന സദ്യയില്‍ ആരോഗ്യവും അങ്ങേയറ്റമാണ് എന്നതില്‍ സംശയം വേണ്ട. മുതിര്‍ന്ന ഒരു വ്യക്തിക്ക് ആരോഗ്യത്തിന് അത്യാവശ്യമായി വേണ്ട ചേരുവകളെല്ലാം തന്നെ സദ്യയില്‍ ഉണ്ട്.

ചോറ്, പരിപ്പ്, പപ്പടം, നെയ്യ്, വാഴപ്പഴം, വിവിധതരം അച്ചാറുകള്‍, പച്ചടി, കിച്ചടി, അവിയല്‍, സാമ്പാര്‍, തോരന്‍, ഓലന്‍, കാളന്‍, കൂട്ടുകറി, രസം, മോര്, പായസം എന്നിവയടങ്ങുന്ന സദ്യയില്‍ ഓരോന്നിനും ഓരോ ഗുണങ്ങളാണ് ഉള്ളത്.

ചോറ്

തവിടുള്ള അരി തയാമിന്‍, റൈബോഫ്‌ലേവിന്‍, നിയാസിന്‍ തുടങ്ങിയ ബി കോംപ്ലക്സ് വിറ്റാമിനുകളുടെ കലവറയാണ്. ഇത് കൂടാതെ ഫൈബറിന്റെ അളവും വളരെ കൂടുതലാണ്.

പരിപ്പും നെയ്യും പപ്പടവും

അയേണ്‍, പൊട്ടാസ്യം, കാല്‍സ്യം എന്നിവ പരിപ്പില്‍ അടങ്ങിയിട്ടുണ്ട്. അതോടൊപ്പം നെയ്യില്‍ വൈറ്റമിന്‍ എ, ഡി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്.

വാഴയില

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകും.വാഴയിലയിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകൾ കോശങ്ങളുടെ ആരോഗ്യത്തിനും ചർമ്മത്തിൻറെ ആരോഗ്യത്തിനും ഗുണം ചെയ്യുന്നു.

ഇഞ്ചി കറി

സദ്യക്ക് ഇലവെക്കുമ്പോള്‍ അതിന്റെ ഇടത് ഭാഗത്തായാണ് ഇഞ്ചിക്കറി വിളമ്പുന്നത്. ഇഞ്ചിക്കറി മികച്ച ദഹനത്തിനും ആരോഗ്യത്തിനും സഹായിക്കുന്നു. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ നിങ്ങളുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. വിറ്റാമിന്‍ എ, ഡി, ഇ, ബി, മഗ്നീഷ്യം, ഫോസ്ഫറസസ്, പൊട്ടാസ്യം, കാല്‍സ്യം എന്നിവയെല്ലാം തന്നെ ഇഞ്ചിക്കറിയില്‍ ഗുണങ്ങള്‍ നല്‍കുന്നതാണ്.

കിച്ചടി

കിച്ചടി തയ്യാറാക്കുന്നതിന് വേണ്ടി വെള്ളരിക്കയും ബീറ്റ്‌റൂട്ടും എല്ലാം ഉപയോഗിക്കുന്നു. ഇത് നമ്മുടെ ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളുന്നതിന് സഹായിക്കുന്നു. എല്ലുകള്‍ക്കും പല്ലുകള്‍ക്കും ഇത് കരുത്തും ശക്തിയും നല്‍കുന്നു.

കാളൻ

കാളന്‍ തൈര് ചേര്‍ത്തുണ്ടാക്കുന്ന വിഭവമാണ്. പുളിച്ച തൈര്. ഇത് കാല്‍സ്യം സമ്പുഷ്ടമാണെന്നത് തന്നെയല്ല, ദഹന പ്രശ്‌നങ്ങള്‍ക്ക് മികച്ച ഒരു പരിഹാരം കൂടിയാണിത്. ഇതില്‍ ചേര്‍ക്കുന്ന കുരുമുളക് കഫ ദോഷങ്ങള്‍ക്ക് നല്ല മരുന്നാണ്. കറിവേപ്പില, ഉലുവ, കടുക്, പച്ചമുളക് എന്നിവയെല്ലാം തന്നെ ആരോഗ്യപരമായ വ്യത്യസ്ത ഗുണങ്ങളാല്‍ സമ്പുഷ്ടവുമാണ്

അവിയൽ
ധാരാളം പച്ചക്കറികളും തേങ്ങയും ചേര്‍ത്തുണ്ടാക്കുന്ന അവിയല്‍ ആരോഗ്യത്തിന് മികച്ചതാണ്. വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞ അവിയല്‍ ആരോഗ്യകരമായ വിഭവങ്ങളില്‍ ഒന്നാണ്. ഇതിലെ നാരുകള്‍ ശരീരഭാരം കുറയ്ക്കുന്നതിനും പോഷകാഹാരക്കുറവിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

സാമ്പാര്‍
നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തിലും സാമ്പാര്‍ മികച്ച ഫലങ്ങൾ നല്‍കുന്നു. ഇതിലെ നാരുകള്‍ മലബന്ധം ഇല്ലാതാക്കുന്നതിനും ദഹന പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു.

മോര്

മോര്. പ്രോട്ടീന്‍ ധാരാളം ഉള്ളതിനാല്‍ പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. വിഭവസമൃദ്ധമായ ഓണസദ്യയോടൊപ്പം മോരിന് പ്രധാന സ്ഥാനമാണുള്ളത്. മനുഷ്യ ശരീരത്തിന് ഗുണകരമായ ബാക്ടീരിയകള്‍ മോരിലുണ്ട്. അവ കുടല്‍സംബന്ധമായ പ്രശ്‌നങ്ങളും ദഹനപ്രശ്‌നങ്ങളും അകറ്റുന്നു. ഇതില്‍ പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, സിങ്ക്, റൈബോഫ്ലേവിന്‍ തുടങ്ങിയ ധാരാളം പോഷകങ്ങളുമുണ്ട്.

പായസം
ശർക്കര കൊണ്ട് ഉണ്ടാക്കുന്ന പായസത്തിൽ ഇരുമ്പ്, സിങ്ക്, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട് പാൽപ്പായസത്തിനൊപ്പം ബോളിയും ഉപയോഗിക്കാറുണ്ട്.

Share
Leave a Comment

Recent News