യുഗാന്ത്യം! രത്തൻ ടാറ്റ അന്തരിച്ചു ; അന്ത്യം മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ; വിട വാങ്ങുന്നത് കാരുണ്യത്തിന്റെ മനുഷ്യരൂപം

Published by
Brave India Desk

മുംബൈ : ടാറ്റ സൺസ് ചെയർമാൻ ആയിരുന്ന രത്തൻ ടാറ്റ അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. 86 വയസ്സായിരുന്നു.

1991 മുതൽ ടാറ്റ സൺസിന്റെ ചെയർമാനായി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് രത്തൻ ടാറ്റ. 2012 വരെയായിരുന്നു അദ്ദേഹം ടാറ്റ ഗ്രൂപ്പിനെ നയിച്ചിരുന്നത്. രത്തൻ ടാറ്റയുടെ ഭരണകാലത്താണ് ടാറ്റ ഗ്രൂപ്പ് ആഗോളതലത്തിൽ വലിയ വികസനം നേടിയത്. ജഗ്വാർ, ലാൻഡ് റോവർ, ടെറ്റ്ലി, കൊറസ് തുടങ്ങിയ പ്രമുഖ കമ്പനികളെ സ്വന്തമാക്കുകയും ടാറ്റ ഗ്രൂപ്പിന്റെ വളർച്ച ആഭ്യന്തര തലത്തിൽ നിന്നും ആഗോളതലത്തിലേക്ക് വർദ്ധിപ്പിക്കുകയും ചെയ്തതിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വമാണ് രത്തൻ ടാറ്റ.

രത്തൻ ടാറ്റയുടെ വിയോഗത്തെ തുടർന്ന്
സുരക്ഷ കണക്കിലെടുത്ത്, മുംബൈ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൻ്റെ സുരക്ഷ വർധിപ്പിച്ചതായി മുംബൈ പോലീസ് അറിയിച്ചു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചേരും. രത്തൻ ടാറ്റയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചനങ്ങൾ അറിയിച്ചു.

“ശ്രീ രത്തൻ ടാറ്റ ജി ഒരു ദീർഘവീക്ഷണമുള്ള ഒരു വ്യവസായ പ്രമുഖനും അനുകമ്പയുള്ള ആത്മാവും അസാധാരണ മനുഷ്യനുമായിരുന്നു. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും അഭിമാനകരവുമായ ഒരു ബിസിനസ്സ് സ്ഥാപനത്തിന് അദ്ദേഹം സുസ്ഥിരമായ നേതൃത്വം നൽകി. അതേ സമയം, അദ്ദേഹത്തിൻ്റെ സംഭാവന അതിനുമപ്പുറത്തേക്ക് വിശാലമായിരുന്നു. അദ്ദേഹത്തിൻ്റെ വിനയത്തിനും ദയയ്ക്കും നമ്മുടെ സമൂഹത്തെ മികച്ചതാക്കാനുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്കും നന്ദി” എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രത്തൻ ടാറ്റയെ കുറിച്ചുള്ള തന്റെ അനുശോചന കുറിപ്പിൽ വ്യക്തമാക്കിയത്.

 

Share
Leave a Comment

Recent News