കുടുംബത്തെ കുറിച്ച് ചോദിച്ചാൽ, എപ്പോഴും നൂറ് നാവാണ് നടനും കേന്ദ്രമന്ത്രിയുമായി സുരേഷ് ഗോപിക്ക്. ഏതൊരു പരിപാടിയിലും അദ്ദേഹം ഭാര്യയോടും മക്കളോടുമൊപ്പം എത്താറുണ്ട്. ഇൗയടുത്തായിരുന്നു അദ്ദേഹത്തിന്റെ പെൺമക്കളിൽ മൂത്തയാളായ ഭാഗ്യയുടെ വിവാഹം. ഗോകുൽ സുരേഷിനൊപ്പം ഇളയ മകൻ മാധവ് സുരേഷും സിനിമയിൽ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.
എത്രയേറെ ഉയർച്ചകൾക്കിടയിലും സുരേഷ് ഗോപിയുടെ എന്നും തീരാത്ത നോവാണ് തന്റെ മൂത്ത മകൾ ലക്ഷ്മിയുടെ മരണം. മകളെ കുറിച്ച് പറയുമ്പോഴെല്ലാം സുരേഷ് ഗോപിയുടെ കണ്ണുകൾ നിറയാറുണ്ട്. തന്നെ പട്ടടയിൽ കൊണ്ട് ചെന്ന് വച്ച് കത്തിച്ചു കഴിഞ്ഞാലും ആ ചാരത്തിനു പോലും മകളുടെ വേർപാടിന്റെ വേദനയുണ്ടാകുമെന്നാണ് സുരേഷ് ഗോപി എപ്പോഴും പറയാറ്.
ഇപ്പോഴിതാ ആർട്ടോമാനിക് എന്ന ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ത ലക്ഷ്മിയുടെ ഒരു ഫോട്ടോ ആണ് വൈറലാവുന്നത്. ജീവിച്ചിരിപ്പുണ്ടെങ്കിൽ 34 വയസുണ്ടാകും ഇപ്പോൾ ലക്ഷ്മിക്ക്. ഇപ്പോൾ ലക്ഷ്മിയെ കാണാൻ എങ്ങനെയിരിക്കും എന്നതാണ് ഡിജിറ്റൽ ആർട്ടിലൂടെ ആർട്ടോമാനിക് എന്ന പേജിന്റെ ഉടമ കാണിച്ചു തന്നിരിക്കുന്നത്.
ലക്ഷ്മിയുടെ ഒന്നര വയസുള്ള ഫോട്ടോ ഉപയോഗിച്ചാണ് ഇപ്പോഴത്തെ രൂപം സൃഷ്ടിച്ചിരിക്കുന്നത്. ലക്ഷ്മിയെ തോളോട് ചേർത്തു പിടിച്ച് നിൽക്കുന്ന സുരേഷ് ഗോപിയെയാണ് വരച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ഫോട്ടോ വൈറലായിക്കഴിഞ്ഞു. നിരവധി പേരാണ് ഫോട്ടോ വരച്ച വ്യക്തിയെയും ലക്ഷ്മിയെയും പ്രശംസിച്ച് രംഗത്ത് വന്നിരിക്കുന്നത്. അതീവസുന്ദരിയാണ് ലക്ഷ്മി എന്ന് എല്ലാവരും കമന്റ് ചെയ്തിട്ടുണ്ട്. ഫോട്ടോ സുരേഷ് ഗോപിയിലേക്കും കുടുംബത്തിലേക്കും എത്താൻ പലരും കമന്റ് ബോക്‌സിൽ താരകുടുംബത്തിലെ എല്ലാവരെയും മെൻഷൻ ചെയ്തിട്ടുണ്ട്.
ഒന്നര വയസുള്ളപ്പോഴാണ് ഒരു കാർ അപകത്തിൽ സുരേഷ് ഗോപിക്ക് ലക്ഷ്മിയെ നഷ്ടമാകുന്നത്. മകളുടെ അപ്രതീക്ഷിത വിയോഗം വലിയ ആഘാതമാണ് സുരേഷ് ഗോപിക്കും രാധികക്കും ഉണ്ടാക്കിയത്.
Leave a Comment