മുംബൈ : മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കാൻ ഒരുങ്ങി മഹാരാഷ്ട്ര. നിയമസഭയുടെ ശൈത്യകാല സമ്മേളനത്തിൽ നിയമം കൊണ്ടുവരുമെന്ന് മഹാരാഷ്ട്ര സർക്കാർ വ്യക്തമാക്കി. ഡിസംബറിൽ ഈ നിയമം നടപ്പിലാക്കാൻ കഴിയും എന്നാണ് മഹാരാഷ്ട്ര സർക്കാർ പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കുന്ന പതിനൊന്നാമത്തെ സംസ്ഥാനമാണ് മഹാരാഷ്ട്ര.
മറ്റ് സംസ്ഥാനങ്ങളിലെ മതപരിവർത്തന നിരോധന നിയമങ്ങളിൽ കാണുന്നതിനേക്കാൾ കർശനമായ വ്യവസ്ഥകൾ മഹാരാഷ്ട്ര സർക്കാരിന്റെ നിർദ്ദിഷ്ട നിയമത്തിൽ ഉണ്ടാകുമെന്ന് സംസ്ഥാന ആഭ്യന്തര സഹമന്ത്രി പങ്കജ് ഭോയാർ നിയമസഭയിൽ അറിയിച്ചു. “മതപരിവർത്തനത്തിനെതിരെയുള്ള നിയമം രൂപീകരിക്കുന്നതിനായി ഡയറക്ടർ ജനറലിന്റെ കീഴിൽ ഒരു പാനൽ രൂപീകരിച്ചിട്ടുണ്ട്. ഈ പാനൽ മറ്റ് 10 സംസ്ഥാനങ്ങളെ അപേക്ഷിച്ച് കർശനമായിരിക്കും. ഈ വിഷയത്തിൽ ഡിജിപി തയ്യാറാക്കിയ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. വരുന്ന ശീതകാല സമ്മേളനത്തിൽ നിയമം പാസാക്കും” എന്ന് അദ്ദേഹം നിയമസഭയിൽ അറിയിച്ചു.
രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് ഇതുവരെ ഇന്ത്യയിൽ മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കിയിട്ടുള്ളത്. നിർബന്ധിതമോ, വഞ്ചനാപരമായ മാർഗ്ഗങ്ങളിലൂടെ ഉള്ളതോ ആയ മതപരിവർത്തനം തടയുക എന്നുള്ളതാണ് ഇന്ത്യയിലെ മതപരിവർത്തന നിരോധന നിയമം ലക്ഷ്യമിടുന്നത്. സ്വന്തം താല്പര്യമനുസരിച്ച് മതപരിവർത്തനം നടത്തുമ്പോഴും സർക്കാരിന്റെ അനുവാദം തേടണമെന്നും ഈ നിയമം വ്യക്തമാക്കുന്നു. സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന ഈ നിയമത്തിന് ഓരോ സംസ്ഥാനങ്ങൾക്ക് അനുസരിച്ചും ശിക്ഷാരീതിയിൽ വ്യത്യസ്തത ഉണ്ടായിരിക്കും.
Discussion about this post