കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം മാർക്കോയ്‌ക്കെതിരെ പരാതി. എ സർട്ടിഫിക്കറ്റ് കിട്ടിയ,കടുത്ത വയലൻസ് ഉള്ള സിനിമ 18 വയസിന് താഴെയുള്ള കുട്ടികളെ കാണിക്കുന്നുവെന്നാണ് പരാതി. കെപിസിസി അംഗം അഡ്വ.ജെ.എസ് അഖിൽ സെൻസർ ബോർഡിനും ബാലാവകാശ കമ്മീഷനും മുഖ്യമന്ത്രിയ്ക്കും പരാതി നൽകി.
കഴിഞ്ഞ ദിവസം ഈ ചിത്രം കണ്ടു. അത്യന്തം വയലൻസ് നിറഞ്ഞ ഈ ചിത്രം 18 വയസിൽ താഴെ പ്രായമുള്ളവർക്കായി പ്രദർശിപ്പിക്കാൻ പാടില്ലാത്തതാണ്. എന്നാൽ ഈ വസ്തുത അറിയാതെ പല തിയേറ്ററുകളിലും കുട്ടികൾക്കൊപ്പമാണ് പലരും വരുന്നത്. തിയേറ്ററുകളിൽ 18 വയസിൽ താഴെയുള്ളവർക്ക് ഈ ചിത്രം കാണുന്നതിൽ യാതൊരു വിലക്കുമില്ല.സിനിമ കണ്ടുകഴിഞ്ഞാൽ, ചിത്രത്തെ കുറിച്ച് പറഞ്ഞ അവകാശ വാദങ്ങൾ വെറുമൊരു വിപണന തന്ത്രം ആയിരുന്നില്ല എന്ന് നിസ്സംശയം പറയാം. മലയാളം എന്നത് മറക്കാം. ഇന്ത്യൻ സിനിമയിൽ ഇന്നേവരെ കാണാത്ത തരത്തിലുള്ള അസ്വസ്ഥതയുണ്ടാക്കുന്ന രംഗങ്ങളാണ് മാർക്കോയിലുള്ളത്.പ്രശ്‌നം എന്തെന്നാൽ, കൂട്ടക്കൊലയ്ക്ക് യഥാർത്ഥ ലക്ഷ്യമോ രീതിയോ ഇല്ല. തീർച്ചയായും, വില്ലന്മാർ ആളുകളെ കൊല്ലുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ഈ സിനിമയിൽ കാണുന്നത് സാധാരണ കൊലപാതകങ്ങളല്ല. പകരം, ചെവികൾ കടിച്ചെടുക്കുന്നു, കൈകാലുകൾ സോ മെഷീനുകൾ ഉപയോഗിച്ച് മുറിക്കുന്നു.ഹൃദയം, കണ്ണുകൾ, കുടൽ എന്നിവ പറിച്ചെടുക്കുന്നു, അമ്മയുടെ ഭ്രൂണത്തിൽ നിന്ന് വെറും കൈകളാൽ ഒരു കുഞ്ഞിനെ പുറത്തെടുക്കുന്നു തുടങ്ങിയവയാണ് എന്നാണ് അഖിലിന്റെ പരാതിയിൽ പറയുന്നത്.
അതേസമയം തീയേറ്ററുകൾ കീഴടക്കി മുന്നേറുകയാണ് മാർക്കോ. ഇതിനോടകം തന്നെ 31 കോടി കളക്ഷൻ നേടിയ ചിത്രം അതിവേഗം നൂറ് കോടി ക്ലബ്ബിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉണ്ണി മുകുന്ദന്റെ കരിയർ ബെസ്റ്റ് സിനിമ എന്നാണ് ആരാധകരും അണിയറക്കാരും ചിത്രത്തിനെ വിശേഷിപ്പിക്കുന്നത്.
Leave a Comment