ഇന്ന് മുതൽ ഈ ഫോണുകളിലൊന്നും വാട്‌സ്ആപ്പ് ലഭിക്കില്ല;എന്താണ് പരിഹാരം?

Published by
Brave India Desk

ന്യൂഡൽഹി; ഇന്ന് മുതൽ ചില ആൻഡ്രോയ്ഡ് ഫോണുകളിൽ ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് ലഭിക്കില്ല. കിറ്റ്കാറ്റോ അതിലും പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലോ പ്രവർത്തിക്കുന്ന ആൻഡ്രോയ്ഡ് ഫോണുകളിലാണ് വാട്‌സ്ആപ്പ് പ്രവർത്തന രഹിതമാവുക. സ്മാർട്ട്‌ഫോൺ നിർമ്മാണം അവസാനിപ്പിച്ച എൽജി,എച്ച്ടിസി തുടങ്ങിയ കമ്പനികളുടെ ഫോണുകളിലും ഇനി വാട്‌സ്ആപ്പ് പ്രവർത്തിക്കില്ല.

പഴയ ആൻഡ്രോയ്ഡ് ഫോണുകളിൽ നിന്ന് ഇന്ന് മുതലുള്ള വാട്‌സ്ആപ്പ് ആപ്ലിക്കേഷൻ പിൻവലിക്കാനൊരുങ്ങുകയാണ് മെറ്റ. ആൻഡ്രോയ്ഡിന്റെ കിറ്റ്കാറ്റ്, അതിന് മുമ്പുള്ള വെർഷനുകൾ എന്നീ ഒഎസുകളിലുള്ള ഫോണുകളിൽ നിന്ന് വാട്‌സ്ആപ്പ് അപ്രത്യക്ഷമാകും. ഇത്തരം പഴയ ഫോണുകൾ ഉപയോഗിക്കുന്നവർ വാട്‌സ്ആപ്പ് ലഭിക്കാൻ പുത്തൻ ഡിവൈസുകൾ വാങ്ങുക മാത്രമേ പരിഹാരമുള്ളൂ.

വാട്‌സ്ആപ്പിലേക്ക് മെറ്റ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന അനവധി പുത്തൻ ഫീച്ചറുകൾ പഴയ ആൻഡ്രോയ്ഡ് വേർഷനുകളിൽ പ്രവർത്തിക്കില്ല എന്നതാണ് അത്തരം ഫോണുകളിൽ വാട്‌സ്ആപ്പ് ലഭിക്കുന്നത് അവസാനിപ്പിക്കാൻ കമ്പനി തീരുമാനിക്കാനുള്ള കാരണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിലുള്ള മെറ്റ എഐ അടക്കം അടുത്തിടെ വാട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നു.2013ൽ അവതരിപ്പിച്ച ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ആൻഡ്രോയ്ഡ് കിറ്റ്കാറ്റ്. ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ള പിന്തുണ ഗൂഗിൾ ഈ വർഷം ആദ്യം അവസാനിപ്പിച്ചിരുന്നു.

വാട്‌സ്ആപ്പ് ലഭിക്കാതാകുന്ന ആൻഡ്രോയ്ഡ് ഫോണുകൾ

സാംസങ് ഗ്യാലക്‌സി എസ്3, സാംസങ് ഗ്യാലക്‌സി നോട്ട് 2, സാംസങ് ഗ്യാലക്സി എസ്4 മിനി, മോട്ടോറോള മോട്ടോ ജി (ഒന്നാം ജനറേഷൻ), മോട്ടോറോള റേസർ എച്ച്ഡി, മോട്ടോ ഇ 2014, എച്ച്ടിസി വൺ, എച്ച്ടിസി വൺ എക്‌സ്+, എച്ച്ടിസിഡിസൈർ 500, എച്ച്ടിസിഡിസൈർ 601, എൽജി ഒപ്റ്റിമസ് ജി, എൽജി നെക്സസ് 4, എൽജി ജി2 മിനി, എൽജി എൽ90, സോണി എക്‌സ്പീരിയ സ്സെഡ്, സോണി എക്‌സ്പീരിയ എസ്പി, സോണി എക്‌സ്പീരിയ ടി, സോണി എക്‌സ്പീരിയ വി.

 

Share
Leave a Comment

Recent News