മുംബൈ : ഓസ്ട്രേലിയൻ പര്യടനത്തിലെ ഇന്ത്യൻ ടീമിൻ്റെ പ്രകടനം വിലയിരുത്താൻ ചേർന്ന ബിസിസിഐ യോഗത്തിൽ ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ രോഹിത് ശർമ്മ സന്നദ്ധത അറിയിച്ചെന്ന് റിപ്പോർട്ട്. എന്നാൽ അതിന് മുൻപ് ഏതാനും മാസം കൂടി ക്യാപ്റ്റനായി തുടരാൻ അനുവദിക്കണമെന്ന് രോഹിത് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. മുംബൈയിൽ നടന്ന യോഗത്തിൽ രോഹിത് ശർമ്മയ്ക്കും പരിശീലകൻ ഗൗതം ഗംഭീറിനും പുറമെ സെലക്ഷൻ കമ്മറ്റി ചെയർമാൻ അജിത് അഗാർക്കർ, ബിസിസിഐ പ്രസിഡൻ്റ് റോജർ ബിന്നി, നിയുക്ത സെക്രട്ടറി ദേവജിത് സൈകിയ തുടങ്ങിയവരും പങ്കെടുത്തു.
ഓസ്ട്രേലിയൻ പര്യടനത്തിലെ 3-1ൻ്റെ തോൽവിയെക്കുറിച്ചുള്ള വിശദമായ ചർച്ച യോഗത്തിൽ നടന്നതായാണ് സൂചന. രോഹിത് ശർമ്മയ്ക്ക് ശേഷം ക്യാപ്റ്റൻ സ്ഥാനത്ത് ആരെന്ന ചോദ്യവും യോഗത്തിൽ ചർച്ചയായി. ജസ്പ്രീത് ബുംറയുടെ പേരും ഉയർന്ന് വന്നെങ്കിലും ചിലർ അതിനെ അനുകൂലിച്ചില്ലെന്നാണ് റിപ്പോർട്ട്. ഓസ്ട്രേലിയൻ പര്യടനത്തിലെ അവസാന ടെസ്റ്റിനിടെ പരിക്കിനെ തുടർന്ന് ബുംറയ്ക്ക് രണ്ടാം ഇന്നിങ്സിൽ ബൗൾ ചെയ്യാനായിരുന്നില്ല. അഞ്ച് ടെസ്റ്റുകളടങ്ങുന്ന ഇത് പോലുള്ള വലിയ പരമ്പരയിൽ ബുംറ ടീമിനെ നയിക്കുകയെന്നത് എത്ര മാത്രം പ്രായോഗികമാകും എന്ന ആശങ്കയാണ് ചിലർ മുന്നോട്ട് വച്ചത്.
രോഹിത് ശർമ്മയുടെയും വിരാട് കോഹ്ലിയുടെ വ്യക്തിഗത ഫോമും ചർച്ചയായി. ഇക്കാര്യത്തിൽ സെലക്ടർമാർ തീരുമാനം എടുക്കട്ടെയെന്നാണ് ബിസിസിഐയുടെ നിലപാടെന്നാണ് സൂചന. എന്തായാലും വരും പരമ്പരകളിൽ താരങ്ങളുടെ സൗകര്യമനുസരിച്ച് കളിക്കുകയും വിട്ട് നില്ക്കുകയും ചെയ്യുന്ന നടപടി ഇനി അംഗീകരിക്കില്ലെന്നാണ് സൂചന. ആരോഗ്യകരമായ പ്രശ്നങ്ങളുണ്ടെങ്കിൽ മാത്രമെ ഇനി മുതൽ ഏതെങ്കിലും മത്സരങ്ങളിൽ നിന്നോ, പരമ്പരയിൽ നിന്നോ വിട്ട് നില്ക്കാൻ അനുവദിക്കൂ. അത് പോലെ മുതിർന്ന താരങ്ങൾ ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കുന്നത് നിർബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന.
എന്തായാലും ഓസ്ട്രേലിയൻ പര്യടനത്തിൻ്റെ പശ്ചാത്തലത്തിൽ അടിയന്തര നടപടികൾ വേണ്ടെന്നാണ് ബിസിസിഐയുടെ തീരുമാനം എന്നറിയുന്നു. കാരണം ചാമ്പ്യൻസ് ട്രോഫി പോലെ പ്രധാനപ്പെട്ടൊരു ടൂർണ്ണമെൻ്റ് അടുത്തെത്തി നില്ക്കുകയാണ്. തിടുക്കത്തിലുള്ള തിരുത്തൽ നടപടികൾ ടീമിൻ്റെ ചാമ്പ്യൻസ് ട്രോഫിയിലെ പ്രകടനത്തെ ബാധിച്ചേക്കാൻ സാധ്യതയുള്ളതിനാലാണ് അതൊഴിവാക്കുന്നത്.
Leave a Comment