ന്യൂഡൽഹി : പാരാ അമ്പെയ്ത്ത് താരം ശീതൾ ദേവിക്ക് സ്കോർപിയോ എൻ എസ്‌യുവി സമ്മാനിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. 2024 ലെ പാരീസ് പാരാലിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ താരമാണ് ശീതൾ ദേവി. ശീതളിൻ്റെ കഠിനാധ്വാനത്തെയും പോരാട്ടത്തെയും അന്ന് ആനന്ദ് മഹീന്ദ്ര അഭിനന്ദിച്ചിരുന്നു. ശീതൾ ദേവിക്ക് ഒരു എസ്‌യുവി സമ്മാനമായി നൽകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.
ഈ വാഗ്ദാനം നിറവേറ്റിയിരിക്കുകയാണ് ഇപ്പോൾ ആനന്ദ് മഹീന്ദ്ര. പുതിയ മഹീന്ദ്ര സ്കോർപിയോ-എൻ എസ്‌യുവിയുടെ താക്കോൽ അദ്ദേഹം ശീതൾ ദേവിക്ക് കൈമാറി. ശീതൾ ദേവിയുടെ നിശ്ചയദാർഢ്യവും, അർപ്പണബോധവും, ശ്രദ്ധയും തന്നെ അത്ഭുതപ്പെടുത്തി എന്നാണ് ഈ കൂടിക്കാഴ്ചയെ കുറിച്ച് ആനന്ദ് മഹീന്ദ്ര വ്യക്തമാക്കിയത്. ശീതളിനുള്ള എല്ലാ ഗുണങ്ങളും അവരുടെ കുടുംബത്തിൽ നിന്നുമാണ് വന്നത് എന്ന് താൻ തിരിച്ചറിഞ്ഞു എന്നും അദ്ദേഹം സൂചിപ്പിച്ചു.
തങ്ങളുടെ കൂടിക്കാഴ്ചയിൽ ശീതൾ ദേവി തനിക്ക് ഒരു അമ്പ് സമ്മാനിച്ചതായും ആനന്ദ് മഹീന്ദ്ര അറിയിച്ചു. “അത് അവളുടെ ഐഡൻ്റിറ്റിയെ പ്രതീകപ്പെടുത്തുന്നു. ഒരു നിയന്ത്രണങ്ങളാലും ബന്ധിക്കപ്പെടാത്ത ഒരു അമ്പ്. ഇത് എനിക്ക് ഒരു അമൂല്യ സമ്മാനമാണ്! ശീതൾ നമുക്കെല്ലാവർക്കും ഒരു പ്രചോദനമാണ്, ഞാൻ അഭിമാനിക്കുന്നു.” എന്നും ശീതളിനോടൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ആനന്ദ് മഹീന്ദ്ര അറിയിച്ചു.
Discussion about this post