ന്യുഡൽഹി: വിദ്യഭ്യാസ രംഗത്തിന് വലിയ പ്രതീക്ഷകളേകിക്കൊണ്ടുള്ളതാണ് മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ്. വിദ്യഭ്യാസം, നൈപുണ്യ വികസനം, സാങ്കേതിക നവീകരണം എന്നിവയ്ക്ക് വലിയ ഊന്നൽ നൽകിക്കൊണ്ടുള്ളതാണ് ഈ ബജറ്റ്. ഉന്നത വിദ്യഭ്യാസ രംഗത്തെ, നിർമിത ബുദ്ധി വ്യാപനത്തിനും മികവിനും ബജറ്റ് പ്രാധാന്യം നൽകിയിട്ടുണ്ട്.
ആഗോള പങ്കാളിത്തത്തോടെ, വിദ്യഭ്യാസ രംഗത്ത് ദേശീയ മികവിന്റെ അഞ്ച് എഐ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. അക്കാദമിക, ഗവേഷണ രംഗത്ത് എഐ സമന്വയിപ്പിച്ചുകൊണ്ടുള്ള വിദ്യഭ്യാസം ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ് പദ്ധതികൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ മികവിന് പുതിയ കേന്ദ്രം സ്ഥാപിക്കാൻ ബജറ്റിൽ മന്ത്രാലയം 500 കോടി വകയിരുത്തിയിട്ടുണ്ട്. സാങ്കേതിക ഗവേഷണത്തിനായി 10,000 ഫെലോഷിപ്പുകൾ നൽകുമെന്നും ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.
വ്യവസായവുമായി ബന്ധപ്പെട്ട വൈദഗ്ധ്യം യുവാക്കളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ അഞ്ച് നാഷണൽ സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നതിനുള്ള പദ്ധതികളും നിർമല സീതാരാമൻ അനാവരണം ചെയ്തു. മേക്ക് ഫോർ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ് മാനുഫാക്ചറിംഗ് എന്നിവയെ പിന്തുണയ്ക്കുന്നതിനായി ആഗോള പങ്കാളിത്തത്തോടെയാണ് ഈ കേന്ദ്രങ്ങൾ സ്ഥാപിക്കുകയെന്ന് ധനമന്ത്രി പറഞ്ഞു.
അടുത്ത വർഷം രാജ്യത്തുടനീളമുള്ള മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും 10,000 അധിക സീറ്റുകൾ കൂട്ടിച്ചേർക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മെഡിക്കൽ സീറ്റുകൾ 75,000 ആയി വർധിപ്പിക്കാനുള്ള നരേന്ദ്രമോദി സർക്കാരിന്റെ വിശാലമായ പദ്ധതിയുടെ ഭാഗമാണിത്.രാജ്യത്തെ 23 ഐ.ഐ.ടികളിൽ വിദ്യാർഥികളുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷംകൊണ്ട് 100 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. അഞ്ച് ഐ.ഐ.ടികളിൽ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post