കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ചൂട് കൂടുന്നു. പകൽ സമയത്താണ് കൂടുതൽ താപനില ഉയരുന്നത്. ബുധനാഴ്ച രാജ്യത്തെ ഏറ്റവും ഉയർന്ന പകൽ താപനില രേഖപ്പെടുത്തിയത് ആന്ധ്രാപ്രദേശിലെ കുർണൂൽ ( 37.8 ഡിഗ്രി C ) ആണ്. കേരളത്തിൽ പാലക്കാട് മുണ്ടൂർ ഐആർടിസിയിൽ 38.2°C രേഖപ്പെടുത്തിയത്.
അതേസമയം കേരളം ചൂടിന്റെ തലസ്ഥാനമാകുമെന്ന മുന്നറിയിപ്പുമായി സംസ്ഥാന കാലാവസ്ഥാ മാറ്റ പഠന ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാർഷിക റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കേരളത്തിലെ ശരാശരി താപനിലയിൽ കഴിഞ്ഞ 10 വർഷത്തിനിടെ ക്രമാതീതമായ വർധനവുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ മാസത്തിലാണ് ഏറ്റവും കൂടുതൽ ചൂട് റിപ്പോർട്ട് ചെയ്തത്. കൂടാതെ സംസ്ഥാനത്തെ വാർഷിക ശരാശരി താപനിലയിലെ വർദ്ധനവ് 0.99 ഡിഗ്രിയായി ഉയർന്നതും ഭാവിയെക്കുറിച്ചുള്ള ആശങ്കയായി റിപ്പോർട്ടിലുണ്ട്.
2024 കേരള ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ചൂടേറിയ വർഷമാണ്. 2016ൽ 0.77 ഡിഗ്രിയും 2023ൽ 0.76 ആയിരുന്ന താപനിലയാണ് പെട്ടെന്ന് വർദ്ധിച്ച് 0.99 ഡിഗ്രി ആയി ഉയർന്നത്.
സംസ്ഥാനത്തെ ശരാശരി താപനിലയിലെ വർധന ക്രമവും രേഖപ്പെടുത്തിയ വർഷങ്ങൾ
2021 (0.29°C)
2022 (0.30°C)
1987 (0.38°C)
2015 (0.42°C)
2017 (0.56°C)
2020 (0.67°C)
2019 (0.75°C)
2023 (0.76°C)
2016 (0.77°C)
2024(0.99 °C)
അതേസമയം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട് .സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും.
സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി പുനഃക്രമീകരിച്ചു. രാവിലെ 7:00 മുതൽ വൈകുന്നേരം 7:00 മണി വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി.
Leave a Comment