എന്റെ വാക്കുകൾ വളച്ചൊടിച്ചു; സാഹിത്യത്തിൽ സമയം ചെലവഴിക്കാൻ വേറെയും വഴികൾ ഉണ്ടെന്നാണു പറഞ്ഞത്; ഇന്ത്യൻ എക്‌സ്പ്രസിനെതിരെ ശശി തരൂർ

Published by
Brave India Desk

ന്യൂഡൽഹി: ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിനെതിരേ വിമർശനവുമായി കോൺഗ്രസ് എംപിയുമായ ശശി തരൂർ. എങ്ങനെ വാർത്ത വളച്ചൊടിക്കാം എന്നതിന്റെ കൃത്യമായ ഉഹാരണമാണിത്. വാർത്തകൾ എങ്ങനെ വളച്ചൊടിക്കുന്നു എന്ന താൻ മനസിലാക്കിയെന്നും ശശി തരൂർ സമൂഹ മാദ്ധ്യമത്തിലൂടെ പങ്കുവച്ച പോസ്റ്റിൽ വ്യക്തമാക്കി.

ഇന്ത്യൻ എക്‌സ്പ്രസ് അവരുടെ പോഡ്കാസ്റ്റിന് വൻ പ്രചാരം നേടിയത് താൻ പറയാത്ത പറഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ കൊണ്ടാണ്. ഇതുവരെ, തനിക്ക് ആരുടെയും ക്ഷമാപണം ലഭിച്ചിട്ടില്ല. നമ്മുടെ ജനാധിപത്യം ഒരു സ്വതന്ത്ര മാദ്ധ്യമമില്ലാതെ മുന്നോട്ടു പോവാനാകില്ല. ഒരു ജനാധിപത്യവാദി എന്ന നിലക്ക് മാദ്ധ്യമങ്ങളുടെ മേൽ നിയന്ത്രണം വേണം എന്ന് താനൊരിക്കലും പറയുകയില്ല. നമുക്ക് വേണ്ടത് സത്യസന്ധമായ പ്രവർത്തിക്കുന്ന മികച്ച മാദ്ധ്യമപ്രവർത്തനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

നമ്മുടെ രാജ്യത്തെ ജേർണലിസം പഠിപ്പിക്കുന്ന സ്ഥാപനങ്ങളിൽ പാഠ്യ വിഷയമാക്കേണ്ട ഒരു കാര്യമാണ് എന്റെ സ്വന്തം അനുഭവത്തിലൂടെ ഞാൻ മുന്നോട്ട് വെക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങൾ വാർത്തകൾ എങ്ങനെ “നിർമ്മിക്കപ്പെടുന്നു” എന്നത് മനസ്സിലാക്കാൻ സാധിച്ചു.
ഇന്ത്യൻ എക്സ്പ്രസ് അവരുടെ പുതിയ മലയാളം പോഡ്കാസ്റ്റിന് – ഞാനുമായുള്ള ഒരു അഭിമുഖമായിരുന്നു അത് – ശ്രദ്ധ ലഭ്യമാക്കാൻ ആഗ്രഹിച്ചു, അതിനായി അവർ രണ്ട് തികച്ചും നിർഭാഗ്യകരമായ കാര്യങ്ങൾ ചെയ്തു:
ഒന്നാമതായി, ഞാൻ സാഹിത്യ പ്രവർത്തനങ്ങളിൽ എന്റെ സമയം ചിലവഴിക്കാനുള്ള പല “ഓപ്ഷനുകൾ” ഉണ്ടെന്ന് പറഞ്ഞ ഒരു നിർദോഷമായ പ്രസ്താവന എടുത്ത്, ഞാൻ മറ്റു രാഷ്ട്രീയ അവസരങ്ങൾ അന്വേഷിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന രീതിയിൽ ഒരു ഇംഗ്ലീഷ് തലക്കെട്ട് ഉണ്ടാക്കി. പതിവുപോലെ, മറ്റുള്ള മീഡിയ ചാനലുകൾ ഈ തലക്കെട്ടിനോട് പ്രതികരിച്ചു, രാഷ്ട്രീയ ലോകം മാധ്യമങ്ങളോട് പ്രതികരിച്ചു, ആ പ്രശ്നം നേരിടാനായിരുന്നു ഞാൻ പിന്നീട് സമയം ചെലവഴിച്ചത്.
#BreakingNews എന്ന പദത്തിന് പല അർത്ഥങ്ങളുണ്ടെന്നതാണ് സത്യം.
രണ്ടാമതായി,
ഇന്ത്യൻ എക്സ്പ്രസ് ഒരു വ്യാജ വാർത്താ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു.
കേരളത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് ഒരു നേതാവില്ലെന്നു ഞാൻ പരിതപിച്ചുവെന്ന് അവർ അവകാശപ്പെട്ടു.
ഇത് The Hindu പത്രത്തിന്റെ മുൻനിര വാർത്തയാവുകയും, മറ്റ് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയും, കേരളത്തിലെ ടെലിവിഷൻ ചാനലുകളിൽ മൂന്ന് ദിവസം നീണ്ട ചർച്ചകൾക്ക് ഇടയാക്കുകയും ചെയ്തു.
ഞാൻ ഈ തലകെട്ടിനെ കുറിച്ച് ഇന്ത്യൻ എക്സ്പ്രസിനോട് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞ വാക്കുകളുടെ “ഇംഗ്ലീഷ് വിവർത്തനം” എന്നായിരുന്നു മറുപടി. എന്നാൽ ഞാൻ വീഡിയോ ക്ലിപ്പ് കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ, അവർ ചൊവ്വാഴ്ച വരെ കാത്തിരിക്കേണ്ടി വരുമെന്ന് പറഞ്ഞു. അത് പുറത്തുവന്നപ്പോൾ, ഞാൻ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ലെന്ന് വ്യക്തമായി. ഇപ്പോൾ ആ പത്രം തിരുത്തൽ പ്രസിദ്ധീകരിച്ചിരിക്കുന്നു — പക്ഷേ, അത് കൊണ്ടുണ്ടാവേണ്ട എല്ലാ പ്രശ്നങ്ങളും ഉണ്ടായ ശേഷം!
അത്തരം ബോധപൂർവ്വം അനാസ്ഥയുള്ള മാധ്യമപ്രവർത്തനത്തിനെതിരെ ഒരു വ്യക്തിക്ക് എന്ത് സംരക്ഷണം ഉണ്ട്?
ഇന്ത്യൻ എക്സ്പ്രസ് അവരുടെ പോഡ്കാസ്റ്റിന് വൻ പ്രചാരം നേടി,
മാധ്യമങ്ങൾക്ക് ദിനങ്ങളോളം ചർച്ചക്കുള്ള തലക്കെട്ടുകൾ ലഭിച്ചു —
പക്ഷേ, അതിനിടയിൽ എനിക്ക് നേരിട്ട
കുറ്റാരോപണം, അധിക്ഷേപം, അപമാനം (അതുപോലെ തന്നെ അപ്രതീക്ഷിതമായ പിന്തുണയും പ്രശംസയും) ആരും കണക്കിലെടുത്തില്ല.
എല്ലാം ഞാൻ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ കൊണ്ടാണ്!
ഇതുവരെ, എനിക്ക് ആരുടെയും ക്ഷമാപണം ലഭിച്ചിട്ടില്ല. ഈ വിഷയം ഒരിക്കൽ തീർന്നുപോകുമെന്നറിയാം. പക്ഷേ, ഇത് പല പ്രശ്നങ്ങളെയും തുറന്ന് കാട്ടിയിട്ടുണ്ട്. പല വ്യക്തികളും എന്നെ കുറിച്ച് യഥാർത്ഥത്തിൽ എന്താണ് കരുതുന്നത് എന്നറിയാൻ സാധിച്ചു. ഞാൻ ഒരിക്കലും പരിഗണിക്കാത്ത ചില സാധ്യതകളെപ്പറ്റി ചിലർ തങ്ങൾക്കിഷ്ടമുള്ള തിയറികൾ പടുത്തുയർത്തുന്ന രീതിയും കണ്ടു. ചിലർ, അവർ ഇതുവരെ ആലോചിച്ചുപോലുമില്ലാത്ത കാര്യങ്ങൾ ആദ്യമായി ചിന്തിച്ചു.
ചിലർക്ക്, അവരുടെ അഭിപ്രായങ്ങളും ആഗ്രഹങ്ങളും പുറത്ത് പറയാനുള്ള ഒരു അവസരമായി ഇത് മാറി. അപൂർവ്വമായി ചിലർ സമ്പന്നമായ നിർവചനങ്ങളോടെ, ആഴത്തിലുള്ള ചിന്തകളോടെ എന്റെ രാഷ്ട്രീയ ജീവിതത്തെ വിലയിരുത്തുകയും ചെയ്തു.
ഇതെല്ലാം എന്റെ കണ്ണ് തുറപ്പിക്കാനുതകുന്നവയായിരുന്നു.
ഒരു ചെറിയ കാര്യത്തിൽ മാത്രമായിരുന്നു പ്രശ്നം: ഈ കഥ മുഴുവനും തന്നെ അടിസ്ഥാനരഹിതമായിരുന്നു!
ഞാൻ പറഞ്ഞ വാക്കുകൾ എന്തുകൊണ്ടും ഈ അർത്ഥം സൂചിപ്പിക്കുന്നതായിരുന്നില്ല!
ഞാൻ ഇന്ത്യൻ എക്സ്പ്രസ് വർഷങ്ങളായി വായിക്കുന്ന ആളാണ്.
ആത് വളരെ ബൃഹത്തായ ഒരു ചരിത്രം പേറുന്ന പത്രമാണ്. ഇപ്പോൾ പോലും, അതിന്റെ ഓപ്പേഡ് പേജുകൾ ഇന്ത്യയിലെ ഏറ്റവും ഗുണമേന്മയുള്ളവയാണ്.
എന്നിരുന്നാലും, ഈ അനുഭവം ഇന്ത്യൻ മാധ്യമങ്ങളുടെ നിലവാരത്തെ കുറിച്ചുളള എൻ്റെ ആകുലതകൾ വർദ്ധിപ്പിച്ചിരിക്കുകയാണ്.
ഞാൻ ഈ വാക്കുകൾ കോപത്തോടെ അല്ല, ദുഃഖത്തോടെ ആണ് എഴുതുന്നത്.
അവരെല്ലാവരും തനി സ്വഭാവം കാണിക്കുന്നതിനാൽ അവരെ കുറ്റപ്പെടുത്താനാകില്ല. സത്യത്തിനോ വസ്തുതകൾക്കോ യാതൊരു പ്രാധാന്യവും നൽകാതെ,
ക്ലിക്ക്ബൈറ്റ് തലക്കെട്ടുകൾക്കായുള്ള അത്യാഗ്രഹം,
തികച്ചും നിരുപദ്രവകരമായ കാര്യങ്ങളെ വലിയ വിവാദങ്ങളാക്കാനുള്ള ഉന്മാദം.. ഇത് നമ്മുടെ മാധ്യമ സംസ്കാരം എവിടേക്ക് എത്തിയിരിക്കുന്നു എന്ന് കാണിച്ചു തരുന്നു.
നമ്മുടെ ജനാധിപത്യം ഒരു സ്വതന്ത്ര മാധ്യമമില്ലാതെ മുന്നോട്ടു പോവാനാകില്ല. ഒരു ജനാധിപത്യവാദി എന്ന നിലക്ക് മാധ്യമങ്ങളുടെ മേൽ നിയന്ത്രണം വേണം എന്ന് ഞാനൊരിക്കലും പറയുകയില്ല. നമുക്ക് വേണ്ടത് സത്യസന്ധമായ പ്രവർത്തിക്കുന്ന മികച്ച മാധ്യമപ്രവർത്തനമാണ്. എന്നാൽ, ഇന്ത്യൻ മാധ്യമങ്ങൾ കൂടുതൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുമെന്നൊരു പ്രതീക്ഷ പോലും വെറുതെയാണോ?

Share
Leave a Comment