ഹിന്ദുവായാണ് ജനിച്ചത് ഹിന്ദുവായി തന്നെ മരിക്കും…പറഞ്ഞത് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറാണ് , ഇഷ യോഗ സെന്ററിൽ ശിവരാത്രി ആഘോഷത്തിൽ പങ്കെടുത്തതിനെ തുടർന്ന് കർണാടക കോൺഗ്രസിൽ ഉണ്ടായ സകല കോലാഹലങ്ങൾക്കും ഇതോടെ മറുപടിയായിരിക്കുകയാണ്. ഏത് മതത്തിൽ വിശ്വസിക്കുവാനും അത് പ്രചരിപ്പിക്കുവാനും പൗരന് അവകാശം നൽകുന്ന ഇന്ത്യാ മഹാരാജ്യത്ത് തന്റെ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ചതിനെ തുടർന്നായിരുന്നു ശിവകുമാറിന് പന്തംകൊളുത്തി പടയുടെ പോരും ചോദ്യങ്ങളും ഏൽക്കേണ്ടി വന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഒപ്പമാണ് ശിവകുമാർ, സദ്ഗുരു ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ ഇഷാ ഫൗണ്ടേഷൻ സംഘടിപ്പിച്ച മഹാശിവരാത്രി ആഘോഷത്തിൽ പങ്കെടുത്തത്. കർണാടക പിസിസി അദ്ധ്യക്ഷൻ കൂടിയായ ശിവകുമാർ സദ്ഗുരുവിന്റെ ക്ഷണം സ്വീകരിച്ച് പരിപാടിയിൽ പങ്കെടുത്തത് തെറ്റായി പോയെന്നാണ് കോൺഗ്രസിനകത്തെ ഒളിഞ്ഞും തെളിഞ്ഞുമുള്ള കുറ്റപ്പെടുത്തലുകൾ. എഐസിസി സെക്രട്ടറി പിവി മോഹനനാണ് ആദ്യം വിമർശനവുമായി എത്തിയത്. രാഹുൽ ഗാന്ധിയെ വിമർശിച്ച ഒരാളുടെ ക്ഷണം സംസ്ഥാന അദ്ധ്യക്ഷൻ സ്വീകരിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു മോഹനന്റെ വിമർശനം. ഒരു മതേതര പാർട്ടിയുടെ പ്രസിഡന്റും മതേതര സർക്കാരിന്റെ ഉപമുഖ്യമന്ത്രിയുമായ ശിവകുമാർ രാഹുൽ ഗാന്ധിയെ പരിഹസിക്കുന്നവരോട് പരസ്യമായി നന്ദിയും സ്‌നേഹവും പ്രകടിപ്പിക്കുന്നത് ശരിയാണോ എന്നും ചോദ്യമുയർന്നു. ജഗ്ഗിയുടെ വീക്ഷണങ്ങൾ ആർഎസ്എസ് ആഖ്യാനങ്ങളുമായി പൊരുത്തപ്പെടുന്നു എന്നതായിരുന്നു പ്രധാന ആരോപണം.
എന്നാൽ വിമർശനങ്ങൾക്കെല്ലാം പുല്ലുവില നൽകി, തന്റെ മതവിശ്വാസം പരസ്യമായി പ്രകടിപ്പിക്കുന്നതിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് നിലപാട് എടുത്തിരിക്കുകയാണ് ഡികെ ശിവകുമാർ. ഇത് തന്റെ വ്യക്തിപരമായ വിശ്വാസമാണ്. രാഷ്ട്രീയ തർക്കത്തിനുള്ള വിഷയമല്ല, താൻ ജനിച്ചത് ഹിന്ദുവായിട്ടാണ്,മരിക്കുന്നതും ഹിന്ദു ആയിട്ടായിരിക്കുമെന്നാണ് ശിവകുമാർ വ്യക്തമായി പ്രതികരിച്ചത്. നമ്മുടെ കോൺഗ്രസ് പ്രസിഡന്റിന്റെ പേര് മല്ലികാർജുൻ ഖാർഗെ എന്നാണ്. ആരാണ് മല്ലികാർജുനൻ ? അത് ശിവനാണ്. അതുകൊണ്ട് അദ്ദേഹം പേര് മാറ്റണോയെന്നും ഡികെ ചോദിച്ചു .ഈഷ ഫൗണ്ടേഷനിലെ സദ്ഗുരു ജഗ്ഗി വാസുദേവ് വന്ന് തന്നെ ശിവരാത്രി ആഘോഷങ്ങൾക്ക് ക്ഷണിച്ചു. മൈസൂരുവിൽ നിന്നുള്ളയാളുമാണ് അദ്ദേഹം. മഹാനായ ഒരു മനുഷ്യനുമാണ്, അദ്ദേഹത്തിനു വിമർശകർ ഉണ്ടാകാം. പക്ഷേ താൻ അദ്ദേഹത്തെ അംഗീകരിക്കുന്നു.
മഹാശിവരാത്രി പരിപാടിയിൽ പങ്കെടുത്തത് മാത്രമല്ല മകൾക്കൊപ്പം കുംഭമേളയിൽ പങ്കെടുത്ത് ത്രിവേണീ സ്‌നാനം നടത്തിയതിനെ കുറിച്ചും ശിവകുമാർ പറയുകയുണ്ടായി. മഹാകുംഭമേള ഇത്ര നല്ല രീതിയിൽ ഒരുക്കിയ യോഗി സർക്കാരിനെയും അദ്ദേഹം അഭിനന്ദിച്ചു . ‘ ഇത്രയും വലിയൊരു പരിപാടി സംഘടിപ്പിക്കുക എളുപ്പമല്ല. ചെറിയ അസൗകര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാം, പക്ഷേ മൊത്തത്തിൽ, ക്രമീകരണങ്ങൾ പ്രശംസനീയമായിരുന്നുവെന്നാണ് ഡികെ പറഞ്ഞത്. കുംഭമേളയിൽ പങ്കെടുക്കാനുള്ള തൻറെ തീരുമാനം തികച്ചും വ്യക്തിപരമാണെന്നും ചോദ്യം ചെയ്യാൻ ആർക്കും അവകാശം ഇല്ലെന്നും ഡികെ പറയുന്നു. കുംഭമേളക്കെതിരെ സംസാരിച്ച മല്ലികാർജ്ജുൻ ഖാർഗേക്കും നിരീശ്വരവാദിയായ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും കടുത്ത പ്രഹരമായി മാറി ഡികെയുടെ വാക്കുകൾ.
കർണാടക കോൺഗ്രസിലെ കരുത്തനായ നേതാവിൽ നിന്നുണ്ടായ ഈ പരാമർശങ്ങൾ പാർട്ടിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. ബിജെപിയ്‌ക്കെതിരെ നിരന്തരം വിമർശനം ഉന്നയിച്ചിരുന്ന നേതാവിന് ഇതെന്ത് പറ്റിയെന്നും അദ്ദേഹം ബിജെപിയോട് അടുക്കുകയാണോയെന്നും സോഷ്യൽമീഡിയയിൽ ചർച്ച ഉയരുന്നുണ്ട്. വിമർശനങ്ങളെ ഗൗനിക്കാതെ തന്റെ നിലപാട് തുറന്നുപറയുകയും വിശ്വാസങ്ങളെ മുറുകെ പിടിക്കുകയും ചെയ്ത ഡികെയ്ക്ക് അഭിനന്ദനങ്ങളും പല കോണുകളിൽ നിന്ന് ലഭിക്കുന്നുണ്ട്. കേരളത്തിൽ ശശി തരൂർ ഉയർത്തിയ കലാപ കൊടുങ്കാറ്റിനൊപ്പം കർണാടകത്തിലും പ്രശ്നങ്ങൾ ഉടലെടുക്കുമ്പോൾ ആകെ ആശങ്കയിലാണ് പാർട്ടി നേതൃത്വം. കർണാടകയിൽ ഡികെ ശിവകുമാറിനെയോ കേരളത്തിൽ ശശി തരൂരിനെയോ പിണക്കാൻ കഴിയുന്ന സാഹചര്യത്തിലല്ല ഇപ്പോൾ പാർട്ടി. അതുകൊണ്ട് തന്നെ കടുത്ത നടപടികളൊന്നും ആർക്കെതിരേയും എടുക്കാൻ സാദ്ധ്യതയുമില്ല.
Discussion about this post