വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അതോ പിണക്കത്തിനു ശേഷമോ ശ്രീകുമാരൻ തമ്പിയും ദേവരാജനും ഒരുമിക്കുന്ന ചിത്രം .. കെ. നാരായണന്റെ സംവിധാനത്തിൽ കെ. രഘുനാഥ് നിർമ്മിച്ച ചിത്രം. കഥയും തിരക്കഥയും സംഭാഷണവും ശ്രീകുമാരൻ തമ്പിയുടേത് തന്നെ.. സിനിമ കാലചക്രം. ആപേരു നൽകിയതും തമ്പി തന്നെ..
ചിത്രമേളയിലേയും വെളുത്ത കത്രീനയിലേയും സൂപ്പർ ഹിറ്റ് ഗാനങ്ങൾക്ക് ശേഷമാണ് ശ്രീകുമാരൻ തമ്പിയും ദേവരാജൻ മാസ്റ്ററും വീണ്ടും ഒന്നിക്കുന്നത്. കാലചക്രത്തിലെ പാട്ടുകളും ഹിറ്റായി. രാക്കുയിലിൽ രാഗസദസ്സിൽ എന്ന പാട്ടൊക്കെ ഇന്നും മലയാളികളുടെ ചുണ്ടിലുണ്ട്..
നസീറും ജയഭാരതിയുമായിരുന്നു പ്രധാന അഭിനേതാക്കൾ
നസീർ ആ ചിത്രത്തിൽ ഒരു തോണിക്കാരന്റെ വേഷത്തിലാണ് അഭിനയിച്ചത്. നാട്ടിലെ ഒരു ജന്മിയുടെ മകളുമായി നസീറിന്റെ തോണിക്കാരൻ പ്രണയത്തിലാകുന്നു. എതിർപ്പുകളുണ്ടാകുമ്പോൾ അവർ ഒരുമിച്ച് നാടുവിടുന്നു..
നാടുവിട്ട നസീറിന്റെ തോണിക്കാരനു പകരമായി വേറൊരു തോണിക്കാരൻ സിനിമയിൽ വരുന്നുണ്ട്. ആ തോണിക്കാരനായി അഭിനയിച്ച നടന് ആദ്യമായാണ് ഒരു ഡയലോഗ് കിട്ടുന്നത്. അയാൾ തൊട്ടു മുൻപഭിനയിച്ച സിനിമയിൽ ഡയലോഗൊന്നും ഉണ്ടായിരുന്നില്ല. ആൾക്കൂട്ടത്തിൽ ഒരാളായി മാത്രമേ ഉണ്ടായിരുന്നുള്ളൂ..
തോണിക്കടവിൽ നടക്കുന്ന എല്ലാ രംഗങ്ങളും സ്വാഭാവികമായും ഒരുമിച്ചാണല്ലോ ഷൂട്ട് ചെയ്യുക..
തനിക്ക് പകരം തോണിക്കാരനായി വന്ന നടനെ സെറ്റിൽ വെച്ച് കണ്ടപ്പോൾ പ്രേം നസീർ .. എനിക്ക് പകരം വന്ന ആളാണല്ലേ നിങ്ങൾ എന്ന് ചോദിക്കുകയും ചെയ്തു..
സെറ്റിൽ എല്ലാവരോടും ഒരുപോലെ പെരുമാറുന്ന പ്രേം നസീർ സാധാരണ പോലെ ചോദിച്ച ആ ചോദ്യം പക്ഷേ വലിയ ഒരു പ്രവചനമായി മാറി..
പ്രേം നസീറിനു പകരക്കാരനെന്നതിനപ്പുറം മലയാള സിനിമയിലെ പകരം വെക്കാനാവാത്ത നടനായി ആ പഴയ തോണിക്കാരൻ ഇന്ന് നിറഞ്ഞ് നിൽക്കുന്നുണ്ട് ..
മുഹമ്മദ് കുട്ടി.. നമ്മുടെ സ്വന്തം മമ്മൂട്ടി..
Leave a Comment