ബെയ്ജിങ് : ചൈനയിൽ നടക്കുന്ന എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുത്ത് ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ. ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) അംഗരാജ്യങ്ങളിലെ ഉന്നത ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുടെ സമ്മേളനത്തിൽ വെച്ച് ഇന്ത്യയുടെ നിലപാടുകൾ ഡോവൽ വ്യക്തമാക്കി. ഭീകരതയുടെ കാര്യത്തിൽ പാകിസ്താൻ ഇരട്ടത്താപ്പാണ് കാണിക്കുന്നത് എന്നും സമ്മേളനത്തിൽ അജിത് ഡോവൽ അഭിപ്രായപ്പെട്ടു.
അതിർത്തി കടന്നുള്ള ഭീകരത ഉൾപ്പെടെയുള്ള ഏതൊരു ഭീകരപ്രവർത്തനവും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് ഡോവൽ വ്യക്തമാക്കി. അതിർത്തി കടന്നുള്ള ഭീകരതയ്ക്ക് നേതൃത്വം നൽകുന്നവരെയും, സംഘാടകരെയും, സാമ്പത്തിക സഹായം നൽകുന്നവരെയും ഉത്തരവാദിത്തത്തോടെ നേരിടണമെന്ന് ഷാങ്ഹായ് സഹകരണ സംഘടനയോട് അദ്ദേഹം ആവശ്യപ്പെട്ടു.
ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി), ജെയ്‌ഷെ-ഇ-മുഹമ്മദ് (ജെഎം), അൽ-ഖ്വയ്ദ, ഐസിസ് തുടങ്ങിയ ഐക്യരാഷ്ട്രസഭ നിരോധിച്ച ഭീകര സംഘടനകളിൽ നിന്നുള്ള തുടർച്ചയായ ഭീഷണിയിൽ ഇന്ത്യ വളരെയധികം ആശങ്കാകുലരാണെന്ന് എസ്‌സിഒയിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ സമ്മേളനത്തിൽ ഡോവൽ പറഞ്ഞു. ഈ ഗ്രൂപ്പുകളുടെ തീവ്രവാദ അടിസ്ഥാന സൗകര്യങ്ങളും അവരുടെ തീവ്രവാദ ആവാസവ്യവസ്ഥയും തകർക്കണമെന്ന് ഡോവൽ പ്രത്യേകം ആവശ്യപ്പെട്ടു.
Leave a Comment