ഇന്ത്യൻ നാവികസേനയുടെ അവസാന വിദേശ നിർമ്മിത യുദ്ധക്കപ്പൽ ഐഎൻഎസ് തമാൽ റഷ്യയിൽ കമ്മീഷൻ ചെയ്തു. റഷ്യയിലെ കലിനിൻഗ്രാഡിലുള്ള യാന്തർ കപ്പൽശാലയിലാണ് ഐഎൻഎസ് തമാൽ നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യൻ നാവികസേനയുടെ ഏറ്റവും പുതിയ സ്റ്റെൽത്ത് മൾട്ടി-റോൾ ഫ്രിഗേറ്റ് ആണ് ഐഎൻഎസ് തമാൽ.
ചടങ്ങിൽ മുഖ്യാതിഥിയായി വെസ്റ്റേൺ നേവൽ കമാൻഡിലെ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് വി എ ഡി എം സഞ്ജയ് ജെ സിംഗ് അധ്യക്ഷത വഹിച്ചു. നിരവധി ഉന്നത ഇന്ത്യൻ, റഷ്യൻ ഗവൺമെന്റ്, പ്രതിരോധ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു കമ്മീഷനിങ് ചടങ്ങ് നടന്നത്. തുഷിൽ ക്ലാസ് കപ്പലുകളിൽ രണ്ടാമത്തേതായ തമാൽ, തൽവാർ, ടെഗ് ക്ലാസ് കപ്പലുകളുടെ നവീകരിച്ച പതിപ്പാണ്.
തൽവാർ & ടെഗ് ക്ലാസ് കപ്പലുകളുടെ ആദ്യത്തെ ആറ് കപ്പലുകൾ 2003 മുതൽ 2013 വരെ ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ചെയ്തിരുന്നു. ഇതുവരെ ഉൾപ്പെടുത്തിയ ഏഴ് കപ്പലുകളും വെസ്റ്റേൺ ഫ്ലീറ്റിന്റെ ഭാഗമാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി റഷ്യയിൽ നിർമ്മിച്ച ക്രിവാക് ക്ലാസ് ഫ്രിഗേറ്റുകളുടെ പരമ്പരയിലെ എട്ടാമത്തെ കപ്പലാണ് ‘ഐഎൻഎസ് തമാൽ. കടലിലും കരയിലും ലക്ഷ്യമിടുന്നതിനുള്ള ബ്രഹ്മോസ് ദീർഘദൂര ക്രൂയിസ് മിസൈൽ ഉൾപ്പെടെ കപ്പലിൽ 26% തദ്ദേശീയ ഘടകങ്ങളാണുള്ളത്. ഉപരിതല-വിമാന മിസൈലുകൾ, മെച്ചപ്പെട്ട 100 എംഎം തോക്ക്, സ്റ്റാൻഡേർഡ് 30 എംഎം സിഐഡബ്ല്യുഎസ് കൂടാതെ നവയുഗ ഇഒ/ഐആർ സിസ്റ്റം, ഹെവിവെയ്റ്റ് ടോർപ്പിഡോകൾ, അടിയന്തര ആക്രമണ വിരുദ്ധ അന്തർവാഹിനി റോക്കറ്റുകൾ, നിരവധി നിരീക്ഷണ, അഗ്നി നിയന്ത്രണ റഡാറുകൾ എന്നിങ്ങനെയുള്ള നവീകരിച്ച ആയുധശേഖരങ്ങളും ഈ കപ്പലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രണ്ട് പതിറ്റാണ്ടുകളായി റഷ്യയിൽ ഇന്ത്യ സ്പോൺസർ ചെയ്ത കപ്പൽ നിർമ്മാണത്തിന്റെ സമാപനം കൂടിയായിരുന്നു ജൂലൈ ഒന്നിന് നടന്ന ഐഎൻഎസ് തമാൽ കമ്മീഷനിങ് ചടങ്ങ്. ദീർഘകാലമായി നിലനിൽക്കുന്ന ഇന്തോ-റഷ്യൻ പങ്കാളിത്തത്തിന്റെയും സൗഹൃദത്തിന്റെയും ഭാഗമായിരുന്നു റഷ്യയിലുള്ള ഇന്ത്യയുടെ യുദ്ധക്കപ്പൽ നിർമ്മാണങ്ങൾ. ലോകത്തിലെ നാലാമത്തെ വലിയ സായുധ സേനയായി വികസിക്കാൻ റഷ്യൻ ഫെഡറേഷനുമായുള്ള തന്ത്രപരമായ സഖ്യം ഇന്ത്യയെ ഏറെ സഹായിച്ചിട്ടുണ്ട്.
Leave a Comment