ഭുവനേശ്വർ : ഒഡീഷ സന്ദർശനത്തിനിടയിൽ രാഹുൽഗാന്ധി പുരി ജഗന്നാഥന്റെ പ്രസാദത്തെ അപമാനിച്ചതായുള്ള വാർത്തകളിൽ പ്രതികരിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. ഒഡീഷയിലെ ജനങ്ങളെയും ഒഡീഷയുടെ സംസ്കാരത്തെയും അധിക്ഷേപിക്കുന്ന നടപടിയാണ് രാഹുൽ ഗാന്ധിയിൽ നിന്നും ഉണ്ടായത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധി ഒഡീഷയിലെ ജനങ്ങളോട് മാപ്പ് പറയുകയാണ് ചെയ്യേണ്ടത് എന്നും അദ്ദേഹം സൂചിപ്പിച്ചു.
“ഒഡീഷയിലേക്ക് വരുന്ന പ്രധാന വ്യക്തികൾക്ക് പുരി ജഗന്നാഥന്റെ അനുഗ്രഹം ഉൾക്കൊള്ളുന്ന പ്രസാദമായി ‘ഖണ്ഡുവ പട്ട’ എന്ന പട്ടുവസ്ത്രം ആദരവോടെ നൽകി വരാറുണ്ട്. എന്നാൽ രാഹുൽ ഗാന്ധിക്ക് ‘ഖണ്ഡുവ പട്ട’ നൽകിയപ്പോൾ അത് അദ്ദേഹം യാതൊരു വിലയുമില്ലാതെ തള്ളിക്കളഞ്ഞു. ഒഡീഷയുടെ സംസ്കാരത്തെ തന്നെ അപമാനിച്ച പ്രവൃത്തി ആയിരുന്നു ഇത്. രാഹുൽഗാന്ധിക്ക് ഇന്ത്യയുടെയോ ഇന്ത്യൻ സംസ്ഥാനങ്ങളുടെയോ സംസ്കാരത്തെക്കുറിച്ച് യാതൊരു അറിവും ഇല്ല. അദ്ദേഹത്തിന്റെ ടീം അംഗങ്ങൾ എഴുതി കൊടുക്കുന്നത് വായിച്ചു പറയുക മാത്രമാണ് അദ്ദേഹം ചെയ്യുന്നത്.” എന്നും ധർമ്മേന്ദ്ര പ്രധാൻ അഭിപ്രായപ്പെട്ടു.
“മുൻകാലങ്ങളിലും കോൺഗ്രസ് പാർട്ടി ഒഡീഷയോട് വലിയ അപമാനങ്ങൾ ചെയ്തിട്ടുണ്ട്. ഇത്രയും കാലത്തിനുശേഷം ഒഡീഷയിലേക്ക് എത്തിയ രാഹുൽ ഗാന്ധി മുൻകാലങ്ങളിൽ പാർട്ടി ചെയ്ത പ്രവർത്തികൾക്ക് ക്ഷമ പറയുകയായിരുന്നു ആദ്യം ചെയ്യേണ്ടിയിരുന്നത്. എന്നാൽ വന്നപ്പോൾ തന്നെ അദ്ദേഹം അഹങ്കാരം നിറഞ്ഞ പ്രവൃത്തികൾ ആണ് കാണിച്ചത്. ടീം എഴുതി കൊടുക്കുന്ന നാടകങ്ങൾ പഠിക്കുന്നതിനു പകരം സന്ദർശിക്കുന്ന സ്ഥലത്തിന്റെ സംസ്കാരത്തെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും പഠിക്കുകയാണ് വേണ്ടത്” എന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നൽകി.
Discussion about this post