കൊച്ചിയിൽ പട്ടാപ്പകൽ അഞ്ചും ആറും വയസ് മാത്രം പ്രായമുള്ള പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. വീടിനടുത്ത് ട്യൂഷന് പോകുമ്പോഴാണ് സംഭവം. ഒരു സ്ത്രീയും രണ്ട് പുരുഷൻമാരുമടങ്ങുന്ന സംഘമാണ് കാറിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ കുട്ടികൾ നിലവിളിക്കുകയും കുതറിയോടുകയും ചെയ്യുകയായിരുന്നു. ഇതോടെയാണ് സംഘം ശ്രമം ഉപേക്ഷിച്ച് മടങ്ങിയത്.
ഇന്നലെ വൈകീട്ട് നാലേമുക്കാലോടെയാണ് സംഭവം. വൈകീട്ട് ട്യൂഷനു പോകാൻ ഇറങ്ങിയതായിരുന്നു കുട്ടികൾ. ഇരുവരേയും യാത്രയാക്കി മുത്തശ്ശി വീടിന്റെ ഗേറ്റിന് സമീപത്ത് നിന്നിരുന്നു. രണ്ട് കുട്ടികളും വീട്ടിൽനിന്നിറങ്ങി നടക്കുന്നതിനിടെ ഒരു വെള്ള കാർ അടുത്തുകൊണ്ടുവന്ന് നിർത്തുകയും കാറിന്റെ പിൻവശത്തിരുന്നയാൾ കുട്ടികൾക്കു നേരേ മിഠായികൾ നീട്ടുകയും ചെയ്തു. ഇളയ കുട്ടി മിഠായി വാങ്ങിയെങ്കിലും മൂത്ത കുട്ടി ഇത് വാങ്ങി കളഞ്ഞു. ഇതിനിടെ മിഠായി വാങ്ങിയ കുട്ടിയെ ബലം പ്രയോഗിച്ച് കാറിലേക്ക് വലിച്ച് കയറ്റാൻ ശ്രമം നടത്തുകയായിരുന്നു.
തുടർന്ന് കുട്ടികൾ ഉറക്കെ കരഞ്ഞു. അതേസമയം തന്നെ സമീപത്തുണ്ടായിരുന്ന ഒരു പട്ടി കുരച്ചുകൊണ്ട് കാറിന് സമീപത്തേക്ക് എത്തുകയും ചെയ്തു. ഇതോടെ ഇവർ കാറിന്റെ ഡോർ അടച്ചു. കുതറിയോടിയ കുട്ടികൾ ട്യൂഷനു പോകുന്ന വീട്ടിലേക്ക് കയറിയതോടെ തട്ടിക്കൊണ്ടുപോകാനെത്തിയവർ കാറിൽ കയറി രക്ഷപ്പെട്ടു.
ട്യൂഷൻ ടീച്ചറോട് വിവരങ്ങൾ പറഞ്ഞതിനെ തുടർന്ന് അവർ കുട്ടികളുടെ വീട്ടുകാരെ വിളിച്ചു പറയുകയും സംഭവം പോലീസിൽ അറിയിക്കുകയും ചെയ്തു.സംഭവത്തിൽ എളമക്കര പോലീസ് അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവി ക്യാമറകൾ പോലീസ് പരിശോധിച്ച് വരുകയാണ്.
Leave a Comment