ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ ഉൽപ്പന്ന മേഖലയിലെ ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡിന്റെ (എച്ച്‌യുഎൽ) ആദ്യ വനിതാ സിഇഒയും മാനേജിങ് ഡയറക്ടറുമായി മലയാളിയായ പ്രിയ നായരെ നിയമിച്ചിരിക്കുകയാണ്. കമ്പനിയുടെ 92 വർഷത്തെ ചരിത്രത്തിനിടയിൽ എംഡിയും സിഇഒയുമായി സ്ഥാനമേൽക്കുന്ന പ്രഥമ വനിതയാണ് പ്രിയ നായർ. പാലക്കാട് സ്വദേശിനിയായ പ്രിയ ഓഗസ്റ്റ് ഒന്നിന് ചുമതലയേൽക്കും. അഞ്ച് വർഷത്തേക്കാണ് നിയമനം.
സി ഇ ഓ പദവിക്കൊപ്പം എച്ച്യുഎൽ ബോർഡിൽ ചേരുകയും യൂണിലിവർ ലീഡർഷിപ്പ് എക്‌സിക്യൂട്ടീവ് (യുഎൽഇ) അംഗമായി തുടരുകയും ചെയ്യും. 2023 മുതൽ ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ബിസിനസ് വിഭാഗമായ ബ്യൂട്ടി ആൻഡ് വെൽബീയിംഗ് വിഭാഗം പ്രസിഡന്റാണ് പ്രിയ നായർ. ഡോവ്, സൺസിൽക്ക്, ക്ലിയർ, വാസ്ലൈൻ തുടങ്ങി മുടി, ചർമ്മസംരക്ഷണ വിഭാഗത്തിലുള്ള വിവിധ ബ്രാൻഡുകളുടെ 13.2 ബില്യൺ പൗണ്ടിന്റെ ബിസിനസ് ആണ് അവർ കൈകാര്യം ചെയ്യുന്നത്. എച്ച്‌യുഎല്ലിന്റെ 20-ൽ അധികം വിപണികളിലായി വ്യാപിച്ചുകിടക്കുന്ന ഒരു പ്രധാന ബിസിനസ് വിഭാഗമാണിത്.
പ്രിയ നായരുടെ നിയമനം പ്രഖ്യാപിച്ചതിനു പിന്നാലെ ഓഹരി വിപണിയിൽ എച്ച്യുഎൽ ഓഹരികൾ നേട്ടമുണ്ടാക്കി. ബിഎസ്ഇയിൽ കമ്പനിയുടെ ഓഹരി മൂല്യം അഞ്ച് ശതമാനം വർദ്ധിച്ച് 2,518.65 രൂപയിലെത്തി. ഇതോടെ കമ്പനിയുടെ വിപണി മൂല്യം ആറ് ലക്ഷം കോടി രൂപയ്ക്കടുത്തെത്തി.
1995 ൽ എച്ച്യുഎല്ലിൽ ചേർന്ന പ്രിയ നായർ ഹോം കെയർ, ബ്യൂട്ടി, പേഴ്സണൽ കെയർ എന്നീ മേഖലകളിൽ വിവിധ നേതൃപരമായ റോളുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡോവ്, റിൻ, കംഫർട്ട് തുടങ്ങിയ പ്രധാന ഉൽപ്പന്നങ്ങളുടെ കൺസ്യൂമർ ഇൻസൈറ്റ്‌സ് മാനേജർ, ബ്രാൻഡ് മാനേജർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. എച്ച്യുഎല്ലിന്റെ പടിഞ്ഞാറൻ രാജ്യങ്ങളിലെ കസ്റ്റമർ ഡെവലപ്പ്‌മെൻറിൻറെ ജനറൽ മാനേജരായി സേവനമനുഷ്ഠിച്ച അവർ പിന്നീട് ഹോംകെയറിന്റെയും, ദക്ഷിണേഷ്യയിലെ ബ്യൂട്ടി & പേഴ്സണൽ കെയറിന്റെയും എക്സിക്യൂട്ടീവ് ഡയറക്ടറായും സിസിവിപിയായും പ്രവർത്തിച്ചു. 2022-ൽ, യൂണിലിവറിന്റെ ബ്യൂട്ടി & വെൽബീയിംഗ് യൂണിറ്റിന്റെ ഗ്ലോബൽ ചീഫ് മാർക്കറ്റിംഗ് ഓഫീസറായി നിയമിതയായ പ്രിയ 2023 ലാണ് ഡിവിഷന്റെ തലപ്പത്തെത്തുന്നത്.
Discussion about this post